കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ അടുത്ത വർഷത്തെ ഹജ് കർമ്മത്തിന് പോകാൻ ഉദ്ദേശിക്കുന്നവരുടെ അപേക്ഷകൾ ഇന്നുമുതൽ ഓൺലൈൻ വഴി സ്വീകരിച്ചു തുടങ്ങും.അടുത്ത മാസം 10 വരെയാണ് ഹജ് അപേക്ഷ സ്വീകരിക്കുക.പൂർണമായും ഓൺലൈൻ ആയതിനാൽ നേരിട്ട് അപേക്ഷകൾ ഹജ് കമ്മിറ്റി സ്വീകരിക്കുകയില്ല.
ഹജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ഹജ് അപേക്ഷ സമർപ്പിക്കേണ്ടത്. കുടുംബ ബന്ധമുള്ള അഞ്ചു പേർക്ക് ഒരു കവറിൽ അപേക്ഷിക്കാം. പുരുഷ മഹ്റമില്ലാത്ത 45 വയസ്സ് പൂർത്തിയായ 4 സ്ത്രീകൾക്കും ഒരു കവറിൽ അപേക്ഷ നൽകാവുന്നതാണ്. 70 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് രക്തബന്ധമുളള ഒരു സഹായിയുടെ കൂടെ ഹജിന് അപേക്ഷിക്കാം. എന്നാൽ ഇവരൊന്നും ജീവിതത്തിൽ ഒരിക്കലും ഹജ് കർമ്മം നിർവഹിച്ചവരായിരിക്കരുത്. ഹജ് അപേക്ഷകന് 2021 ജനുവരി 31 വരെ കാലാവധിയുള്ള പാസ്‌പോർട്ടുണ്ടായിരിക്കണമെന്ന് നിർബന്ധമാണ്.
അപേക്ഷകളിൽ നറുക്കെടുപ്പ് നടത്തിയാവും തീർത്ഥാടകരെ കണ്ടെത്തുക. അപേക്ഷകരെ സഹായിക്കാൻ ഹജ് ട്രൈയിനർമാരെ ഹജ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സഹായം ഹജ് അപേക്ഷകർ തേടണം.