മൂവാറ്റുപുഴ-മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ഫോണ്‍ നിര്‍മിച്ച കമ്പനി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ പരാതിയില്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റേതാണ് ഉത്തരവ്. വിപണിയില്‍ വിറ്റഴിക്കുന്ന ഉല്‍പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്ന് ഫോറം ചൂണ്ടിക്കാട്ടി.
2017 ജൂലൈയില്‍ ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ജോസഫ് ടോമിയുടെ പാന്റ്സില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ജോസഫ് ടോമിയുടെ കാലിലും തുടയിലും പൊള്ളലേറ്റു. ആഴ്ചകളോളം ചികിത്സ വേണ്ടിവന്നു. 15559 രൂപ നല്‍കി ഫോണ്‍ വാങ്ങി ഏഴ് മാസത്തിനുള്ളിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.
ഫോണിന്റെ ഗുണമേന്മ വിദഗ്ധ പരിശോധനക്ക് വിധേയമാക്കാതെ വിപണിയിലെത്തിക്കുന്നത് കമ്പനിയുടെ ഗുരുതര വീഴ്ചയാണെന്ന് ഫോറം വിലയിരുത്തി. തുടര്‍ന്നാണ് ഒരുമാസത്തിനുള്ളില്‍ ഒരുലക്ഷം രൂപ ഉപഭോക്താവിന് നല്‍കാന്‍ ഫോറം ഉത്തരവിട്ടത്. ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍സ് കേരള പ്രസിഡന്റ് ടോം ജോസ് മുഖേനയാണ് പരാതി സമര്‍പ്പിച്ചത്.