റിയാദ്- സൗദിയില്‍നിന്ന് വിദേശികള്‍ അയക്കുന്ന പണത്തിനു പരിധി നിശ്ചിയിക്കാനും നിരീക്ഷിക്കാനും ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കി. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.
ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക ജീവനക്കാര്‍, ഉന്നത അഡ്മിനിസ്ട്രേഷന്‍-മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗം തൊഴിലാളികള്‍ക്ക് സൗദിയിലെത്തി മൂന്നു മാസത്തിനുള്ളില്‍ അയക്കാവുന്ന കൂടിയ തുകക്ക് സാമ പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഇത്തരക്കാര്‍ ഒരു തവണ അയക്കുന്ന പണം പതിനായിരം റിയാലില്‍ കവിയാന്‍ പാടില്ല. മറ്റു വിഭാഗം തൊഴിലാളികളുടെ വിസയില്‍ രേഖപ്പെടുത്തിയ പ്രൊഫഷന് നിരക്കുന്ന നിലയിലായിരിക്കണം വിദേശത്തേക്ക് അയക്കാവുന്ന കൂടിയ പണത്തിന് ബാങ്കുകള്‍ പരിധി നിശ്ചയിക്കേണ്ടത്.
സൗദിയിലെത്തി മൂന്നു മാസത്തിനകം വിദേശികള്‍ അയക്കുന്ന പണം നിരീക്ഷിക്കുന്നതിന് പാസ്പോര്‍ട്ട് നമ്പര്‍ അടിസ്ഥാനമാക്കി ബാങ്കുകള്‍ പ്രത്യേക രജിസ്ട്രേഷന്‍ നടത്തണമെന്നും വ്യവസ്ഥയുണ്ട്.