ദുബായ്- കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെ.എസ്.യു.എം)–ബഹ്‌റൈനിലെ നിക്ഷേപ പ്രമോഷന്‍ ഏജന്‍സിയായ ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡും (ഇ.ഡി.ബി) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദുബായില്‍ ജൈടെക്‌സ് വേദിയിലാണ് കെ.എസ്.യു.എം ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അശോക് കുര്യനും ഇ.ഡി.ബി ഇന്ത്യ റീജനല്‍ ഡയറക്ടര്‍ ധര്‍മി മഗ്ദാനിയും ധാരണാപത്രം കൈമാറിയത്. ഇരു രാജ്യത്തിന്റെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിപണിയില്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ധാരണാപത്രത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
ബഹ്‌റൈനിലേക്കും ഇന്ത്യയിലേക്കുമുള്ള പ്രതിനിധി സംഘങ്ങളുടെ സന്ദര്‍ശന സൗകര്യവും വിജ്ഞാന കൈമാറ്റവും മികച്ച പരിശീലനവും സഹകരണവും ഉണ്ടാക്കുമെന്ന് അവര്‍ പറഞ്ഞു. സാമ്പത്തിക, സാങ്കേതിക സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ പോലുള്ള കാര്യങ്ങളില്‍ കക്ഷികള്‍ തമ്മിലുള്ള സഹകരണം സുഗമമാക്കും. വിദ്യാഭ്യാസ പരിപാടികളും പാഠ്യപദ്ധതിയും മെച്ചപ്പെടുത്തും.