റിയാദ്- തൊഴിൽ അനുമതിയില്ലാത്ത ആശ്രിത വിസക്കാർക്കും അക്കൗണ്ടുകൾ തുറക്കുന്നതിന് രാജ്യത്തെ ബാങ്കുകളെ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അനുവദിച്ചു. ഇത്തരം അക്കൗണ്ടുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി സംശയം തോന്നിയാലുടൻ അക്കാര്യം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ ബാങ്കുകൾ അറിയിക്കണമെന്ന് നിർദേശമുണ്ട്.
കുടുംബനാഥന്മാരിൽ നിന്നല്ലാതെ ഉടമകൾ ജോലി ചെയ്യുന്നതിന്റെ ഫലമായുള്ള പണമാണ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതെന്ന് വ്യക്തമായാലും അക്കാര്യം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ ബാങ്കുകൾ അറിയിക്കണം. ഇത്തരം അക്കൗണ്ടുകളെ അപകട സാധ്യത കൂടിയ അക്കൗണ്ടുകളായി സാമ തരംതിരിച്ചിട്ടുണ്ട്.
ആശ്രിത വിസക്കാരൻ സൗദി വനിതക്ക് വിദേശ ഭർത്താവിലുണ്ടായ മകനാണെങ്കിൽ സാലറി അക്കൗണ്ട് തുറക്കുന്നതിന് അനുമതിയുണ്ട്. ഇതിന് മാതാവിന്റെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്. ലൈസൻസുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനു കീഴിൽ ജോലി ചെയ്യുന്ന ആശ്രിത വിസക്കാർക്കും ബാങ്കുകളിൽ സാലറി അക്കൗണ്ട് തുറക്കാവുന്നതാണ്. ഇതിന് തിരിച്ചറിയൽ കാർഡ് കോപ്പിയും അപേക്ഷാ ഫോറവും ജോലി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള കത്തും ഹാജരാക്കൽ നിർബന്ധമാണ്.
പതിനഞ്ചിൽ കുറവ് പ്രായമുള്ള ആശ്രിത വിസക്കാരുടെ അക്കൗണ്ട് കൈകാര്യം ചെയ്യേണ്ടത് ഇഖാമയിലെ സ്‌പോൺസറായ രക്ഷാകർത്താവാണ്.
ഇത്തരം സാഹചര്യങ്ങളിൽ കുട്ടിയുടെ മാതാവ് സ്‌പോൺസറും പിതാവ് ആശ്രിത വിസക്കാരനുമാണെങ്കിൽ പിതാവിന് അക്കൗണ്ട് കൈകാര്യം ചെയ്യാവുന്നതാണ്. പതിനഞ്ചു വയസ്സ് പൂർത്തിയാവുകയും വേറിട്ട ഇഖാമ ലഭിക്കുകയും ചെയ്യുന്ന കുട്ടികൾ സ്വന്തം നിലക്ക് അക്കൗണ്ട് തുറക്കുന്നതിന് ആഗ്രഹിക്കുന്ന പക്ഷം പിതാവിന്റെയോ രക്ഷാകർത്താവിന്റെയോ അനുമതി ബാങ്കുകൾ തേടൽ നിർബന്ധമാണ്.
എന്നാൽ പതിനെട്ടു വയസ്സ് പൂർത്തിയാകാതെ ഇവർക്ക് ചെക്ക് ബുക്കുകൾ നൽകാൻ പാടില്ല.