ജിദ്ദ- നഗരത്തിൽ പൈപ്പുലൈനുകൾ വഴി ശുദ്ധജലം എത്താത്ത ഡിസ്ട്രിക്ടുകളിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ടാങ്കർ ജലം ലഭിക്കുന്നതിന് മൂന്നു ദിവസം വരെ കാത്തിരിക്കേണ്ടി വരികയാണ്. പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്ന് അൽറഹേലി ജലവിതരണ കേന്ദ്രം ദേശീയ ജല കമ്പനി അടച്ചതും മറ്റു കാരണങ്ങളുടെ പേരിൽ കിലോ പതിനാലിലെ ജലവിതരണ കേന്ദ്രം അടച്ചതുമാണ് ജലക്ഷാമം രൂക്ഷമാക്കിയത്.
ഇതുമൂലം ഖുവൈസ, അൽഖുംറ ജല വിതരണ കേന്ദ്രങ്ങളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജിദ്ദയിലെ 50 ശതമാനം ഡിസ്ട്രിക്ടുകളിലും പൈപ്പ് വെള്ളം ലഭ്യമല്ല. ഈ പ്രദേശങ്ങളെല്ലാം ടാങ്കർ ജല വിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.
അൽറഹേലി, കിലോ പതിനാല് ജല വിതരണ കേന്ദ്രങ്ങൾ അടച്ചതാണ് ഖുവൈസ ജല വിതരണ കേന്ദ്രത്തിലെ അനിയന്ത്രിതമായ തിരക്കിന് കാരണമെന്ന് അധികൃതർ അറിയിച്ചതായി രണ്ടു ദിവസമായി ടാങ്കർ വെള്ളത്തിന് കാത്തിരിക്കുന്ന അൽ മഹാമീദ് ഡിസ്ട്രിക്ട് നിവാസി ഹസൻ അൽഹാസിമി പറഞ്ഞു.
മൂന്നു ദിവസം ടാങ്കർ വെള്ളത്തിനു വേണ്ടി കാത്തു നിന്ന തന്നെ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിക്കാണ് ഡ്രൈവർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതെന്ന് അൽഹറാസാത്ത് ഡിസ്ട്രിക്ട് നിവാസി ഫഹദ് അൽഹർബി പറഞ്ഞു.
നല്ല ഉറക്കത്തിലായതിനാൽ താൻ ഫോൺ അറ്റന്റ് ചെയ്തില്ല. ഡ്രൈവർ തന്റെ ഓർഡർ റദ്ദാക്കി. തുടർന്ന് പുതിയ ഓർഡർ ബുക്ക് ചെയ്യുന്നതിന് താൻ നിർബന്ധിതനായി. ടാങ്കർ വെള്ളം ലഭിക്കുന്നതിന് ഇനിയും മൂന്നു ദിവസം കാത്തിരിക്കേണ്ടതുണ്ട്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയായി കിടക്കുകയാണ്. പരാതികളോട് ദേശീയ ജല കമ്പനി അധികൃതർ പ്രതികരിക്കുന്നില്ല.
ജലക്ഷാമത്തിനുള്ള കാരണങ്ങളോ അടച്ചുപൂട്ടിയ ജലവിതരണ കേന്ദ്രങ്ങൾ തുറക്കുന്ന തീയതിയോ കമ്പനി അധികൃതർ വെളിപ്പെടുത്തുന്നില്ല. കിഴക്കൻ ജിദ്ദയിലെയും ഉത്തര ജിദ്ദയിലെ പുതിയ ഡിസ്ട്രിക്ടുകളിലെയും പകുതി പ്രദേശങ്ങളിൽ ജല പൈപ്പ്‌ലൈനില്ലെന്നും ഫഹദ് അൽഹർബി പറഞ്ഞു. പൈപ്പ്‌ലൈൻ പൊട്ടിയതു മൂലം അൽറഹേലി ജലവിതരണ കേന്ദ്രം അപ്രതീക്ഷിതമായി അടക്കുകയായിരുന്നെന്ന് അൽഹംദാനിയ ഡിസ്ട്രിക്ട് നിവാസി ഖാലിദ് അൽഗാംദി പറഞ്ഞു. തുടർന്ന് ഉത്തര ജിദ്ദ നിവാസികളായ തങ്ങളെ ദക്ഷിണ ജിദ്ദയിലെ ഖുവൈസ ജല വിതരണ കേന്ദ്രത്തിലേക്ക് അധികൃതർ തിരിച്ചുവിട്ടു. ദേശീയ ജല കമ്പനിയുടെ പക്കൽ എമർജൻസി പദ്ധതിയില്ലാത്തതിനാൽ ഖുവൈസ കേന്ദ്രത്തിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിന് ജല വകുപ്പ് മന്ത്രിയും മക്ക ഗവർണറേറ്റും ഇടപെടണം. അൽറഹേലി ജലവിതരണ കേന്ദ്രം അടച്ചത് ടാങ്കർ നിരക്ക് ഏറെ ഉയരുന്നതിനും ഇടയാക്കി.
ഏറെ ദൂരെയുള്ള ഖുവൈസയിൽ നിന്ന് ഉത്തര ജിദ്ദയിൽ ടാങ്കർ വെള്ളമെത്തിക്കുന്നതിന് 140 റിയാൽ നിരക്ക് നൽകേണ്ടി വരികയാണെന്നും ഖാലിദ് അൽഗാംദി പറഞ്ഞു.