അടുത്ത കാലത്തായി പുതിയ പാതകൾ തുറന്നതോടെ മലബാറിന്റെ ആസ്ഥാന നഗരം ഭക്ഷണ പ്രിയരുടെ സങ്കേതമായി മാറുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബേപ്പൂരിനെ കാപ്പാടുമായി ബന്ധിപ്പിക്കുന്ന സൗത്ത് ബീച്ച്-നോർത്ത് ബീച്ച് പാതയിൽ കോതിപ്പാലം തുറന്നതിന് ശേഷം നഗരതിരക്കുകളിൽ നിന്നൊഴിഞ്ഞ് പോകുന്ന വാഹനങ്ങളുടെ ചോയ്‌സ് ഈ പാതയാണ്. ബീച്ച് റോഡിൽ അടുത്ത കാലത്തായി ധാരാളം പുതിയ ഹോട്ടലുകൾ തുറന്നു. മിനി ബൈപാസും പ്രധാന ബൈപാസ് റോഡുമാണ് കൂടുതൽ ഹോട്ടലുകളുള്ള മറ്റു രണ്ട് പ്രധാന പാതകൾ.
കോഴിക്കോട്ട് മുന്നൂറ് പുതിയ ഹോട്ടലുകൾ തുറക്കാൻ അധികൃതർക്ക് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നത് നഗരത്തിൽ വളരുന്ന ഏക വ്യവസായം ഇതാണെന്ന കാര്യത്തിൽ അടിവരയിടുന്നു. വിനോദ സഞ്ചാര വ്യവസായത്തിന്റെ മുന്നേറ്റത്തിന് ഇത് ഗുണകരമാണെന്നത് വേറെ കാര്യം. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നിലവിലുള്ള ആഭ്യന്തര സർവീസുകൾ പോലും റദ്ദാക്കുന്ന സാഹചര്യമാണിപ്പോൾ. ചോദിക്കാനും പറയാനും ആരുമില്ലാത്ത മലബാറിന്റെ ആസ്ഥാന നഗരത്തിന് പുതിയ ട്രെയിൻ സർവീസുകളും ലഭിക്കുന്നില്ല. നൂറ്റാണ്ടുകൾക്കപ്പുറം നാട്ടിന്റെ വാണിജ്യ പെരുമയറിഞ്ഞ് ചൈനക്കാരും അറബികളുമെത്തിയത് പോലെ ഇനി കോഴിക്കോട് മുന്നേറുക വൈവിധ്യമാർന്ന ഭോജനശാലകളുടെ നാടെന്ന നിലയ്ക്കായിരിക്കും.
ന്യൂ ജെൻ കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ട് ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റുകൾ വിവിധ ഭാഗങ്ങളിലായി നിത്യേന ആരംഭിക്കുന്നു. വൻ സംഖ്യ നിക്ഷേപിച്ച് എഴുപതുകളിലെ ഹോട്ടൽ പുനരാവിഷ്‌കരിച്ചത് കാണാൻ അരബിന്ദ്‌ഘോഷ് റോഡിലെത്തിയാൽ മതി. സ്വകാര്യ മേഖല മാത്രമല്ല, സഹകരണ രംഗവും സാമൂതിരിയുടെ നഗരത്തിലെ ഭക്ഷ്യ വിപ്ലവം മുതലെടുത്ത് കൂടുതൽ പ്രദേശങ്ങളിൽ ശാഖകൾ ആരംഭിച്ചു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.കെ.ജി ആരംഭിച്ച ഇന്ത്യൻ കോഫി ഹൗസ് മിനി ബൈപാസിൽ ചെറിയ മാങ്കാവിലും കോഴിക്കോട് കോർപറേഷൻ ആസ്ഥാന മന്ദിര കോംപൗണ്ടിലും അടുത്തിടെ പ്രവർത്തനം ആരംഭിച്ചു. എറണാകുളത്ത് സിനിമാ നടിയെ തട്ടിക്കൊണ്ടു പോകൽ സംഭവമുണ്ടായപ്പോൾ അതിന്റെ പ്രതികരണം നേരിട്ടത് കോഴിക്കോട് ബൈപാസിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലാണ്. പ്രതിസന്ധികൾ അതിജീവിച്ച ദേ പുട്ട് കസ്റ്റമേഴ്‌സിന് ഇഷ്ടം പോലെ പപ്പടവും ലെമൻ മിന്റ് ടീയും നൽകി മുന്നേറുന്നു. ചെന്നൈയിൽനിന്ന് പറന്നെത്തി ജയറാമും പാർവതിയും ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും ഇടക്കിടെ സന്ദർശിച്ച് പരമാവധി പബ്ലിസിറ്റി നൽകിയ സി.എച്ച് ഫ്‌ളൈ ഓവറിന് ചുവട്ടിലെ പാരഗണും സൽക്കാരയും നോൺ വെജ് ഉപഭോക്താക്കളുടെ ആദ്യ ചോയ്‌സാണ്. രണ്ടാം ഗേറ്റിനടുത്ത് ബീഫ് ബിരിയാണിയ്ക്ക് പ്രസിദ്ധമായ റഹ്മത്തിന് പുതിയ ബസ് സ്റ്റാന്റിനടുത്തും ശാഖയായി. ബിരിയാണി കഴിക്കാൻ പുറത്ത് ക്യൂ നിൽക്കുന്നവരെ ഈ ഹോട്ടലിൽ കാണാം. ഇരുവശവും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ നിറഞ്ഞ രാമനാട്ടുകര-വെങ്ങളം ബൈപ്പാസിന് ഇരുവശവും വിലയേറിയ ധാരാളം ഫാസ്റ്റ് ഫുഡ് ഔട്ട് ലെറ്റുകൾ വന്നു.
സസ്യഭോജനശാലകളും പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തി വരികയാണ്. പ്രസിദ്ധമായ ചില വെജ് ഹോട്ടലുകൾ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. മൂന്ന് ദശകങ്ങൾപ്പുറം മീഞ്ചന്ത ആര്ട്‌സ് കോളേജിലേയും ഗുരുവായൂരപ്പൻ കോളേജിലേയും ഡേ സ്‌കോളേഴ്‌സായ വിദ്യാർഥികൾ വീട്ടിലെത്തുന്നതിന് മുമ്പ് വിശപ്പടക്കാൻ ആശ്രയിച്ചിരുന്നത് കല്ലായ് റോഡിൽ പൈ ആന്റ് കോ ബുക്‌സിനടുത്തുള്ള മദ്രാസ് കഫേ എന്ന ഹോട്ടലിനെയായിരുന്നു. നേന്ത്രപ്പഴത്തിന്റെ നാരുൾപ്പെടെയുള്ള സ്വാദേറിയ വട എല്ലാവരുടേയും പോക്കറ്റിനിണങ്ങിയ വിഭവമായിരുന്നു. ഏറ്റവും സ്വാദിഷ്ടമായ ഇഡ്ഡലി ലഭിച്ചിരുന്ന രാധാ തിയേറ്ററിന് എതിർവശത്തുള്ള മോഡേൺ ഹിന്ദു ഹോട്ടലും വിസ്മൃതിയിലായി. രാധാ കോംപൗണ്ടിലെ ആര്യഭവന് വൈക്കം മുഹമ്മദ് ബഷീർ റോഡിൽ പുതിയ ശാഖ വന്നെങ്കിലും മസാലദോശയുടെ രുചി ശരിക്കറിയാൻ പഴയ സ്ഥലത്ത് തന്നെ പോകണമെന്ന് പറയുന്ന ഉപഭോക്താക്കളുമുണ്ട്.
മാവൂർ റോഡിലെ രുചി സസ്യഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രമായിരുന്നു ഒരു കാലത്ത്. 90കളിൽ ദക്ഷിൺ വെജ് എന്ന ഹോട്ടൽ തുറക്കുന്നത് സംബന്ധിച്ച് പ്രസ് ക്ലബിൽ വാർത്താ സമ്മേളനം വിളിച്ചവർ പറഞ്ഞത് രാവിലെ ആറരയക്കുള്ള എക്‌സിക്യൂട്ടീവ് ട്രെയിനിന് പോകുന്നവർക്ക് ദോശയും ഇഡ്ഡലിയും പൂരിയും ലഭിക്കുന്ന ഹോട്ടലായിരിക്കും ഇതെന്നാണ്. ജയയും വിഘ്‌നേശ്വരയും ചാമുണ്ഡേശ്വരിയും കഴിഞ്ഞ് വെജിറ്റേറിയൻ പെരുമ സുപ്രഭാതം വരെ എത്തിനിൽക്കുന്നു.
നക്ഷത്ര ഹോട്ടലിലും പരമ്പരാഗത വിഭവങ്ങൾ ലഭിക്കുന്നുവെന്നത് കോഴിക്കോടിന്റെ മാത്രം സവിശേഷതയാണ്. നഗരമധ്യത്തിലെ ഒരു സ്റ്റാർ ഹോട്ടലിന്റെ ഓഫീസിലെത്തി ഓരോ മാസവും സപ്ലൈ ചെയ്ത നോമ്പ് സ്‌പെഷ്യൽ പത്തിരിയുടെ പണം ശേഖരിക്കുന്നവരുണ്ട്. കോഴിക്കോട്ടെ മുസ്‌ലിം കേന്ദ്രമായ തെക്കേപ്പുറത്തെ പലഹാരമായ ചട്ടിപ്പത്തിരി മുതൽ സകലതും മുതലക്കുളം മുതൽ ലിങ്ക് റോഡ് വരെയുള്ള പാതയോരത്തെ പെട്ടിക്കടകളിൽ ലഭ്യമാണ്.
പഞ്ച നക്ഷത്രവും സപ്ത നക്ഷത്രവും വന്നാലും നഗരത്തിലെത്തുന്ന ഭക്ഷ്യപ്രേമികൾ മറക്കാത്ത ഒരിടമാണ് പുതിയറയിലെ അമ്മ ഹോട്ടൽ.
ഹൃദയം കീഴടക്കുന്നവിധം മീൻ വറുത്തെടുക്കുന്നതെങ്ങിനെയെന്ന് മനസ്സിലാക്കാൻ ബെറ്റർ ഹാഫുമായി ഇവിടം സന്ദർശിക്കുന്നത് നല്ലതായിരിക്കും. കുട്ടികൾ ഓഡി കാറെടുത്ത് കോഫി കുടിക്കാൻ കോഴിക്കോട്ട് പോകാറുണ്ടെന്ന് മലപ്പുറം മങ്കടയിലെ മാതാവ് പറഞ്ഞത് യുവതലമുറയിലെ മാറി വരുന്ന ഭക്ഷ്യ സംസ്‌കാരത്തിന്റെ ഏകദേശ ചിത്രം നൽകുന്നു.