ഏതാനും ദിവസങ്ങള്‍ മുമ്പു വരെ കൂടത്തായി നിവാസികളായ പലര്‍ക്കും ജോളി നല്ലൊരു ഭക്തയും കോഴിക്കോട് എന്‍ഐടിയിലെ ഒരു പ്രൊഫസറുമായിരുന്നു. ചിലര്‍ ജോളിയെ കണ്ടത് വലിയ സൗഹദൃങ്ങളുള്ള, വാതോരാതെ സംസാരിക്കുന്ന ഒരു ബ്യുട്ടി പാര്‍ലര്‍ ജീവനക്കാരിയായി. എന്നാല്‍ സ്വന്തം ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ജോളി വാരാന്ത്യങ്ങളില്‍ ചര്‍ച്ചില്‍ പ്രാര്‍ത്ഥനയും ക്ലാസുകളുമായി ചെലവിടുന്ന അതീവ ദൈവ വിശ്വാസിയായിരുന്നു. 2011ല്‍ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ക്രിസ്തു ഭക്തിയുടെ മുഖംമൂടിയില്‍ ഒളിപ്പിച്ച ജോളിയുടെ ക്രിമിനല്‍ മനസ് പുറത്തു വന്നത്. സ്വന്തം കുടുംബത്തില്‍ 2002നും 2016നുമിടയില്‍ നടന്ന ആറു മരണങ്ങള്‍ക്കു കാരണക്കാരിയായി കേസില്‍ അറസ്റ്റിലാണ് ജോളിയിപ്പോള്‍.
തികഞ്ഞ ഒരു കത്തോലിക്ക വിശ്വാസി ആയാണ് നാട്ടുകാര്‍ ജോളിയെ കണ്ടിട്ടുള്ളത്. ഞായറാഴ്ചകളിലെ കുര്‍ബാനകളും ബൈബില്‍ പഠനക്ലാസുകളും ഒന്നു പോലും ജോളി മുടക്കിയിരുന്നില്ല. കുടുംബാംഗങ്ങളുടെ 'മരണങ്ങളില്‍' പോലും പതറാത്ത വളരെ പക്വമതിയായിരുന്നു ജോളി അവര്‍ക്ക്. എന്നാല്‍ ജോളിയുടെ കുടുംബാംഗങ്ങളുടെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിച്ച പോലീസിന്റെ കണ്ടെത്തലില്‍ ഞെട്ടിയ ഈ നാട്ടുകാര്‍ ഇനിയും അതില്‍ നിന്നും മോചിതരായിട്ടില്ല.
സന്തുഷ്ടയായ ഒരു വീട്ടമ്മയ്ക്ക് എങ്ങിനെ ഒരു പരമ്പര കൊലയാളിയുടെ മുഖം ചിരിക്കു പിന്നില്‍ ഒളിപ്പിച്ച്, കുടുംബത്തിലെ ആറു പേരുടെ ജീവന്‍ കവര്‍ന്ന് വര്‍ഷങ്ങളോളം ഒന്നും സംഭവിക്കാത്ത പോലെ ജീവിക്കാനായി എന്നാണ് നാട്ടുകാരുടെ അമ്പരപ്പ്. കൊലക്കേസില്‍ അറസ്റ്റിലായതോടെ ജോളി നെയ്ത നുണകളുടെ നൂലാ മാലകള്‍ ഒന്നൊന്നായി അഴിഞ്ഞ് സത്യം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
ആദ്യ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങുമ്പോഴും ധ്യാനത്തിനു പോകുന്ന പതിവിന് ജോളി മുടക്കം വരുത്തിയില്ല. ധ്യാനത്തിലും അസ്വാഭാവികമായി ജോളിയില്‍ ഒന്നും കണ്ടിരുന്നില്ലെന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ഏകദിന ധ്യാനത്തില്‍ ഒന്നിച്ചുണ്ടായിരുന്ന നാട്ടുകാരി ലിലി പറയുന്നു.
ദിവസവും വീട്ടിലെ ജോലികളെല്ലാം തീര്‍ത്തി എന്‍ഐടിയിലേക്ക് കാറോടിച്ച് പോകുന്ന ഒരു പ്രൊഫഷണല്‍ ആയിട്ടാണ് അയല്‍ക്കാര്‍ ജോളിയെ കണ്ടിരുന്നത്. എന്‍ഐടിയില്‍ അധ്യാപികയല്ലെന്ന സത്യം പുറത്തു വന്നെങ്കിലും ക്യാമ്പസില്‍ ജോളിയെ കണ്ടവര്‍ നിരവധി പേരുണ്ട്. സംശയത്തിന് ഒരു അവസരവും നല്‍കാതെയായിരുന്നു അവരുടെ നീക്കങ്ങള്‍. അവരെ കൊണ്ട് ഇത് എങ്ങനെ സാധിച്ചുവെന്ന് ആശ്ചര്യത്തോടെ അയല്‍ക്കാരനായ മനോജ് കുമാര്‍ ചോദിക്കുന്നു. മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരെ പോലും പറഞ്ഞു വിശ്വസിപ്പിച്ചത് എന്‍ഐടി അധ്യാപിക എന്നായിരുന്നു. എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ സ്ത്രീ എവിടെയാണ് സമയം ചെലവിട്ടതെന്നതില്‍ ഇനിയും വ്യക്ത വന്നിട്ടില്ല. വ്യാജ എന്‍ഐടി ഐഡി കാര്‍ഡ് ഉണ്ടാക്കി ക്യാമ്പസിലും കാന്റീനിലും ലൈബ്രറിയിലുമെല്ലാം ജോളി പോകാറുണ്ട്. ജോളി അവകാശപ്പെടുന്നതു പോലെ അവര്‍ ഒരു ബി ടെക് ബിരുദധാരിയല്ലെന്നും കൊമേഴ്‌സ് ബിരുദധാരിയാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്‍ഐടി അധ്യാപിക അല്ലെങ്കില്‍ പിന്നെ അവര്‍ പോകുന്ന ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി ആയിരിക്കുമെന്നാണ് പിന്നീടുയര്‍ന്ന വാദം. എന്നാല്‍ ജോളി സ്ഥിരമായി പോകുന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ ഈ വാദം തള്ളിയിട്ടുണ്ട്. ജോളി ഇവിടെ ജീവനക്കാരി ആയിരുന്നില്ലെന്നാണ് സുലേഖ പറയുന്നത്. ജോളിയെ കുറച്ചു കാലമായി അറിയാം, അവര്‍ കസ്റ്റമറാണ്. എന്‍ഐടി അധ്യാപിക എന്നാണ് എന്നേയും വിശ്വസിപ്പിച്ചിരുന്നത്-സുലേഖ പറയുന്നു. നിരവധി നുണകള്‍ പറഞ്ഞും വലിയ ദൈവ വിശ്വാസി ചമഞ്ഞും വിശ്വസിപ്പിക്കുന്ന പെരുമാറ്റത്തിലൂടെയും 17 വര്‍ഷമാണ് ജോളി യഥാര്‍ത്ഥ മുഖം ഒളിപ്പിച്ചത്.
കേസില്‍ ജോളിയെ കൂടാതെ അടുത്ത സുഹൃത്തായ എം എസ് മാത്യു, കൊലപാതകങ്ങള്‍ക്ക് സയനൈഡ് എത്തിച്ചു കൊടുത്ത പ്രജികുമാര്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. എട്ടു വര്‍ഷം മുമ്പ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. മരിച്ച റോയിയുടെ യുഎസിലുള്ള സഹോദരന്‍ റോജോയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ജോളിയെ അറസ്റ്റ് ചെയ്തത്. മറ്റു മരണങ്ങളില്‍ ജോളിയുടെ പങ്ക് തെളിയിക്കാനിരിക്കുന്നതെയുള്ളൂ. എല്ലാവരുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ട്. ഇതില്‍ സയനയ്ഡിന്റെ സാന്നിധ്യം കണ്ടെത്താനിരിക്കുകയാണ്.
മരിച്ച ആദ്യഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടേയും അച്ഛന്‍ ടോം തോമസിന്റേയും മരണം (2002ലും 2008ലും), 2011ലെ റോയിയുടെ മരണം, അന്നമ്മയുടെ സഹോദരന്‍ മാത്യുവിന്റെ മരണം (2014), ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടേയും ഒരു വയസ്സുകാരി മകളുടേയും മരണം (2016) എന്നീ മരണങ്ങളിലെ ദുരൂഹതകളാണ് ഇപ്പോള്‍ പോലീസ് പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.