തിരുവനന്തപുരം- കൂടത്തായിയിലെ ദുരൂഹമരണങ്ങളിൽ ഒരെണ്ണവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമപരമായ ചർച്ചകൾക്കു ശേഷം മറ്റ് മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുമെന്നും കേരള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. മൃതദേഹങ്ങളുടെ ട്രേസ് അനാലിസിസ് നടത്താൻ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും. ഇതിന് കഴിയാത്തപക്ഷം കോടതിയുടെ അനുമതിയോടെ വിദേശത്തെ ലാബിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസുകളിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ പ്രതികൾ ആരായാലും കേരളാ പോലീസ് കണ്ടുപിടിക്കുകതന്നെ ചെയ്യും.
കേസ് അന്വേഷിച്ചിരുന്ന സംഘം വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിദഗ്ദ്ധരായ അന്വേഷണ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തും.
കേസ് അന്വേഷണത്തിൽ നേരത്തെ വീഴ്ച ഉണ്ടായോയെന്ന് ഇപ്പോൾ അന്വേഷിക്കുന്നില്ല. വളരെ പോസിറ്റീവ് ആയ രീതിയിൽ കേസ് അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.