കൊച്ചി- സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരളിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതി തയാറാക്കാന്‍ കെട്ടിടം പൊളിക്കലില്‍ ഗിന്നസ് റെക്കോര്‍ഡിട്ട എന്‍ജിനീയര്‍ വരുന്നു. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ വിജയകരമായി പൊളിച്ച അനുഭവ സമ്പത്തുമായി പ്രശസ്ത മൈനിങ് എന്‍ജിനീയര്‍ എസ്. ബി സര്‍വതെ ആണ് സംസ്ഥാന സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ എത്തുന്നത്. സര്‍വതെയുടെ ഉപദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമെ പൊളിക്കുന്ന കമ്പനിയെ സര്‍ക്കാര്‍ പ്രഖ്യാപിക്കൂ. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഇന്ത്യ ഇന്‍ഡോര്‍ ചാപ്റ്റര്‍ സെക്രട്ടറി കൂടിയായ സര്‍വതെ മുന്‍നിര മൈനിങ് കമ്പനികളായ വിജയ സ്റ്റോണ്‍സ്, ഉത്തം ബ്ലാസ്‌ടെക്ക് എന്നീ കമ്പനികളുടെ ബോര്‍ഡിലും അംഗമാണ്. നിയന്ത്രിത സ്‌ഫോടനം, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കല്‍ എന്നിവയില്‍ വിദഗ്ധനാണ് ഇദ്ദേഹം.
70കാരനായ സര്‍വതെയുടെ മേല്‍നോട്ടത്തിലാകും മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക. അഞ്ച് കൂറ്റന്‍ കെട്ടിടങ്ങളാണ് മരടില്‍ പൊളിക്കാനുള്ളത്. നിലവില്‍ മൂന്ന് കമ്പനികളാണ് ജോലി ഏറ്റെടുക്കാന്‍ തയാറായി രംഗത്തുള്ളത്. നിശ്ചിത സമയത്തിനുള്ളില്‍ പൊളിച്ചു തീര്‍ക്കുമെന്ന് ഉറപ്പ് നല്‍കുന്ന രണ്ടു കമ്പനികളെ തെരഞ്ഞെടുക്കാനാണു സാധ്യത.