കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ ഇനിയും പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഭൂരിഭാഗം സാക്ഷികളും സിനിമാ രംഗവുമായി ബന്ധമുള്ളവരായതിനാല്‍ സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണെന്നും നടന്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദം.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കാറില്‍ വെച്ച് ദിലീപ് 10,000 രൂപ അഡ്വാന്‍സ് കൈമാറിയെന്നും സുനില്‍കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ദിലീപിന്റെ ജാമ്യ ഹരജിയിലായിരുന്നു വാദം.
ദൃശ്യം പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണും യഥാര്‍ഥ മെമ്മറി കാര്‍ഡും കണ്ടെത്താനായിട്ടില്ലെന്നും ദൃശ്യങ്ങളുടെ പകര്‍പ്പ് എടുത്ത മെമ്മറി കാര്‍ഡ് മാത്രമാണു കിട്ടിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ദിലീപിന്റെ ആദ്യവിവാഹ ബന്ധം തകര്‍ന്നതിനു പിന്നിലെ വൈരാഗ്യമാണ് നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.