Sorry, you need to enable JavaScript to visit this website.

മതിലകം വിജിത്ത് കൊലക്കേസ് പ്രതി അറസ്റ്റിൽ

തൃശൂർ- മതിലകം വിജിത്ത് കൊലപാതക കേസിൽ മുഖ്യ പ്രതി അറസ്റ്റിലായി. ഒഡീഷ ഗംഗാപൂർ ലൊട്ടാപ്പിള്ളി സ്വദേശി ശിക്കാർ ടൊഫാൻ എന്നറിയപ്പെടുന്ന ടൊഫാൻ മല്ലിക്ക് (20) ആണ് അറസ്റ്റിലായത്. മുംബൈ ധാരാവി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷ്യയിലെ നയാപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലെ സല്യാസാഹി ചേരിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഒഡീഷ്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി കൊലപാതക കേസുകളിലെ പ്രതികളും ഗുണ്ടകളും നിറഞ്ഞ മൂന്നു ലക്ഷത്തിൽ പരം ആളുകൾ തിങ്ങിപ്പാർക്കുന്നയിടമായ സല്യാസാഹി ചേരിയിൽ മറ്റ് പ്രതികളും ഉണ്ടെന്നറിഞ്ഞ അന്വേഷണ സംഘം തുടർച്ചയായി മൂന്നു ദിവസം ചേരിയിൽ റെയ്ഡ് നടത്തിയെങ്കിലും പ്രതികൂല സാഹചര്യമായതിനാൽ മറ്റു പ്രതികളെ കണ്ടെത്താനായില്ല. ദുർഘടവും ഇടുങ്ങിയതുമായ വഴികളും, തെരുവ് നായകൾ ധാരാളം അലഞ്ഞ് നടക്കുന്ന ഈ ചേരിയിൽ പോലീസിന്റെ ചെറിയ നീക്കങ്ങൾ പോലും പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. അപരിചിതരായവർ എത്തിയാൽ ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമുണ്ട്. ഇവിടെയാണ് അന്വേഷണ സംഘം പ്രതികളെ അരിച്ചുപെറുക്കിയത്. ആദ്യം അന്വേഷണ സംഘത്തോട് സഹകരിക്കാതിരുന്ന പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ഇരുപത്താറാം തിയ്യതി വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊലപാതകത്തിനിടയായ സംഭവങ്ങളുടെ തുടക്കം. പ്രതികളിൽ ടൊഫാൻ, നബ്ബ, സുശാന്ത് എന്നിവർക്ക് അന്ന് ജോലി ഇല്ലായിരുന്നു. അന്ന് ഉച്ചക്ക് ഇവർ താമസിക്കുന്ന റൂമിലെത്തിയ വിജിത്ത് മുഖ്യ പ്രതിയുമായി പണത്തിന്റെ പേരിലുണ്ടായ തർക്കം അടിപിടിയിലെത്തി. തുടർന്ന് പ്രതികൾ വിജിത്തിനെ കൂട്ടം കൂടി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതി ടൊഫാൻ അടുകളയിൽ നിന്ന് കത്തിയെടുത്ത് വിജിത്തിനെ കുത്തി. ശക്തമായ കുത്തിൽ വാരിയെല്ലുകൾ തകർത്ത് കത്തി കരളിൽ വരെ ആഴ്ന്നിറങ്ങി. മറ്റൊരു പ്രതി ഇരിക്കാൻ ഉപയോഗിക്കുന്ന പലക കൊണ്ട് വിജിത്തിനെ തലക്കടിച്ചുവീഴ്ത്തി. അടിയും ചവിട്ടും കുത്തുമേറ്റ് ആന്തരീക അവയവങ്ങളും, വാരിയെല്ലുകളും തകർന്ന് വിജിത്ത് തൽക്ഷണം മരണപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. തുടർന്ന് കൈ കാലുകൾ കഴുത്തിനോട് ചേർത്ത് ശരീരം പന്തുപോലെ ചുരുട്ടി പുതപ്പിൽ കെട്ടിപ്പൊതിഞ്ഞുവെച്ചു. വൈകിട്ട് പണി കഴിഞ്ഞെത്തിയ മറ്റ് രണ്ടു പേരും കൂടി ചേർന്ന് മൃതദേഹം തൊട്ടടുത്ത പറമ്പിലെ തെങ്ങിനടിയിൽ കൊണ്ടുചെന്നിട്ടു. തിരിച്ചെത്തിയ അഞ്ചു പേരും റൂം തുടച്ചു വൃത്തിയാക്കി. കൊടുങ്ങല്ലൂർ വഴി തൃശൂരിൽ എത്തി രാത്രി തന്നെ ട്രെയിനിൽ ഒഡിഷയിലേക്ക് മുങ്ങുകയായിരുന്നു.
തൃശൂർ റേഞ്ച് ഡി.ഐ.ജി. എസ്.സുരേന്ദ്രന്റെ നിർദേശാനുസരണം റൂറൽ എസ്.പി. എൻ.വിജയകുമാരൻ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ഓപറേഷൻ ശിക്കാർ' എന്ന സംഘത്തിനാണ് അന്വേഷണ ചുമതല. റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി.മുഹമ്മദ് റാഫി, മതിലകം എസ്.ഐ കെ.പി.മിഥുൻ, കെ.എസ്.സൂരജ്, അഡീ. എസ്.ഐ.വിജയൻ, എഎസ്.ഐ മാരായ തോമസ്, ക്ലീസൻ, ജിജിൽ, സീനിയർ സി.പി.ഒ.മാരായ പി.ജയകൃഷ്ണൻ, സി.എ.ജോബ്, എം കെ.ഗോപി. സൂരജ്. വി.ദേവ്, ഷഫീർ ബാബു, സി.പി.ഒ മാരായ ഇ.എസ്.ജീവൻ, രാജീവ്, തോമസ്, ശ്രീജിത്ത് തോമച്ഛൻ, എ.എ.ഷിജു. മനോജ്, ജസ്റ്റിൻ വർഗ്ഗീസ്, സി.ആർ.സനൂപ്, സി.കെ.ഷനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Latest News