ഇടുക്കി- നീലക്കുറിഞ്ഞിക്ക് പിന്നാലെ കാഴ്ചക്കാരുടെ മനം കുളിർപ്പിച്ച് മഞ്ഞക്കുറിഞ്ഞി പൂത്തു. ഹൈറേഞ്ചിലെ
മലമേടുകളിൽ മഞ്ഞ നിറത്തിൽ പൂത്തുനിൽക്കുന്ന കാട്ടുപൂക്കളാണ് വിസ്മയം തീർക്കുന്നത്. നാട്ടുകാർ മഞ്ഞക്കുറിഞ്ഞിയെന്ന് വിളിക്കുന്ന ഈ കാട്ടുപൂക്കൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പുഷ്പിക്കുന്നത്. രാവിലേയും വൈകുന്നേരങ്ങളിലും മഞ്ഞ മലമേടുകളുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധിയാളുകളാണ് എത്തുന്നത്.
ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിപ്പാറയിൽ വർഷങ്ങളായി മഞ്ഞപ്പൂക്കൾ വിസ്മയം തീർത്തുവരുന്നു. സ്‌കൂൾ, കോളേജ് വിദ്യാർഥികളും നാട്ടുകാരും ദീർഘനേരം ദിവസവും പൂക്കളുടെ സൗന്ദര്യമാസ്വദിക്കാൻ ഇവിടെ തങ്ങാറുണ്ട്. നിരവധിയാളുകൾ ഫോട്ടോയെടുക്കാനും ഇവിടെ വന്നുപോകുന്നു. മഞ്ഞ പൂക്കളാൽ മൂടിയ മലകളാണ് ആളുകളെ ആകർഷിക്കുന്നത്. ഈ മലയിൽ നിന്നാൽ ചെറുതോണി അണക്കെട്ടും അതിലെ നീലത്തടാകവും കാണാനാവുമെന്നതിനാലും ഒട്ടുമിക്ക സമയത്തും ആളുകൾ ഇവിടെയെത്താറുണ്ട്.