കൊച്ചി- മഹാരാജാസിനും തൈക്കൂടത്തിനുമിടയിലുളള കൊച്ചി മെട്രോയുടെ സർവീസിന് ഇനി കൂടുതൽ വേഗത. നാളെ മുതൽ ട്രെയിന്റെ വേഗത വർധിപ്പിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. നേരത്തെ ആലുവ മുതൽ മഹാരാജാസ് വരെയായിരുന്നു കൊച്ചി മെട്രോ സർവീസ് നടത്തിയിരുന്നത്. തുടർന്ന് സെപ്തംബർ നാലിനാണ് മഹാരാജാസ് മുതൽ തൈക്കൂടം വരെയുളള ഭാഗം കൂടി ഉദ്ഘാടനം ചെയ്തത്. നിലവിൽ ആലുവ മുതൽ മഹാരാജാസ് വരെ വേഗതയിലാണ് മെട്രോ സർവീസ് നടത്തുന്നതെങ്കിലും മഹാരാജാസ് മുതൽ തൈക്കൂടം വരെ 25 കിലോ മീറ്റർ മാത്രം വേഗതയിലാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ കെ.എ.മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിനു ശേഷമാണ് വേഗത വർധിപ്പിക്കാൻ തീരുമാനമായത്. ഇതേ തുടർന്ന് നാളെ മുതൽ ഇതുവഴി 80 കിലോമീറ്റർ വരെ വേഗത്തിൽ മെട്രോ സഞ്ചരിക്കും. മെട്രോയുടെ വേഗത വർധിപ്പിക്കുന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. ഇതുവഴി യാത്രക്കാർക്ക് സമയവും പണവും ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആലുവയിൽ നിന്നും തൈക്കുടം വരെ എത്താൻ 53 മിനിറ്റാണ് വേണ്ടി വരുന്നത്. വേഗത വർധിപ്പിക്കുന്നതോടെ 44 മിനിറ്റിൽ ഇനി മുതൽ ട്രെയിൻ എത്തും. 14 മിനിറ്റ് ഇടവേള എന്നത് നാളെ മുതൽ ഏഴു മിനിറ്റായി ചുരുങ്ങുമെന്നും അധികൃതർ അറിയിച്ചു