കൊച്ചി- നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 20 മുതൽ 2020 മാർച്ച് 28 വരെ റൺവേ അടച്ചിടുന്നതിനെത്തുടർന്ന് വിമാനസർവീസുകൾ ഇക്കാലയളവിൽ കൊച്ചിയിലെ നേവൽ എയർസ്റ്റേഷനിൽ നിന്ന് പകരം സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര സിവിൽ എവിയേഷൻ മന്ത്രി ഹർദീപ് എസ്.പുരി ഉറപ്പു നൽകിയതായി പ്രഫ. കെ.വി തോമസ്. കഴിഞ്ഞ പ്രളയ കാലത്ത് നെടുമ്പാശ്ശേരി എയർപോർട്ടിൽ വെള്ളം കയറി വിമാന സർവീസുകൾ അപ്പാടെ മുടങ്ങിയപ്പോൾ കൊച്ചി വില്ലിംഗ്ഡൺ ഐലന്റിലെ വിമാനത്താവളം ഉപയോഗപ്പെടുത്തിയ മാതൃകയിൽ ഇപ്പോഴത്തെ സാഹചര്യവും പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി.തോമസ് കേന്ദ്രമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഹർദീപ് എസ്.പുരി ഉറപ്പു നൽകിയത്. ബോയിംഗ് വിമാനങ്ങൾ ഒഴികെ എ.ടി.ആർ-72/ക്യു-400 വിമാനങ്ങളുടെ താൽക്കാലിക സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഇക്കാര്യത്തിനായി വിമാനക്കമ്പനികളുടെ സഹകരണം തേടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കത്തിൽ അറിയിച്ചു.