ദുബായ്- അല്‍ റീഫ് മാളില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ചുവയസ്സുകാരന്റെ മാതാവ് ആരെന്ന കാര്യത്തില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന് പ്രതീക്ഷ. പാക്കിസ്ഥാനി പൗരനായ ഗുലാം അബ്ബാസ് ദുബായിലെ പത്രങ്ങള്‍ക്ക് അയച്ചുകൊടുത്ത ചില ചിത്രങ്ങളില്‍ ഈ കുട്ടിയുമായി നില്‍ക്കുന്ന ചില സ്ത്രീകളെ പരിചയപ്പെടുത്തുന്നു. ഇക്കൂട്ടത്തിലെ ഒരു ഫിലിപ്പിന യുവതിയാകാം കുട്ടിയുടെ മാതാവ് എന്നാണ് അദ്ദേഹം പറയുന്നത്.
കുട്ടിയെ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് വനിതകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ ആരും കുട്ടിയുടെ യഥാര്‍ഥ മാതാവല്ലെന്നാണ് പോലീസ് പറയുന്നത്. ഇക്കൂട്ടത്തിലുള്ള ഫിലിപ്പിന യുവതി മായ ഗുലാം അബ്ബാസിന്റെ ലിവിംഗ് ടുഗദര്‍ ഭാര്യയാണ്. കുട്ടിയെ ഒരു കൂട്ടുകാരിയെ ഏല്‍പിച്ച് യഥാര്‍ഥ മാതാവ് സ്ഥലംവിട്ടെന്നും പിന്നീടവരെ കണ്ടെത്താനായില്ലെന്നുമാണ് പോലീസ് പറഞ്ഞത്. ഈ സ്ത്രീ കുട്ടിയെ വളര്‍ത്താന്‍ മറ്റൊരു സ്ത്രീക്ക് കൊടുത്തു. അവരും മറ്റൊരു സ്ത്രീയും കൂടി കുട്ടിയെ മാളില്‍ ഉപേക്ഷിച്ചു. ഇതാണ് പോലീസ് കണ്ടെത്തിയത്. ഈ നാലു സ്ത്രീകളേയും പോലീസ് പിടികൂടിയിരുന്നു.
അയച്ചുകൊടുത്ത ചിത്രത്തില്‍ കുട്ടിയെ എടുത്തു നില്‍ക്കുന്ന ഫിലിപ്പിന യുവതിയാകാം യഥാര്‍ഥ മാതാവ് എന്നാണ് ഗുലാം അബ്ബാസ് കരുതുന്നത്. ഇയാള്‍ ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളത്. 2015 ല്‍ ഇയാള്‍ അജ്മാനില്‍ ഭാര്യയായ ഫിലിപ്പിന സ്ത്രീ മെരിമി ഖുന്‍ദാര (മായ) യോടൊപ്പം താമസിച്ചിരുന്നു. അന്ന് ഒരു കോസ്റ്റ്യൂം പാര്‍ട്ടിയില്‍ ഈ കുട്ടിയെ എടുത്തുനില്‍ക്കുന്ന ഫിലിപ്പിന യുവതിയുടെ ചിത്രമാണ് ഇയാള്‍ അയച്ചിരിക്കുന്നത്. ഇവര്‍ ഇന്തോനേഷ്യന്‍ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഗുലാം അബ്ബാസും മായയും കുട്ടിയുമായി നില്‍ക്കുന്ന ചിത്രവും ഇദ്ദേഹം അയച്ചിട്ടുണ്ട്.
അബ്ബാസും ഭാര്യ മായയും കുഞ്ഞിനൊപ്പം.
മായ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായ സ്ത്രീകളില്‍ ഒരാളാണ്. മായയെ ഏല്‍പിച്ചാണ് യഥാര്‍ഥ മാതാവായ ഫിലിപ്പിന യുവതി രാജ്യം വിട്ടതെന്നാണ് അബ്ബാസ് കരുതുന്നത്.
ഭാര്യയോട് കുട്ടിയെ ഉപേക്ഷിക്കാന്‍ താന്‍ നിര്‍ദേശിച്ചിരുന്നെന്നും ഇയാള്‍ പറഞ്ഞു. നിയമക്കുരുക്കുകളില്‍നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്തത്. മാത്രമല്ല, അവര്‍ കടക്കെണിയിലുമായിരുന്നു.
ദുബായിലെ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. നിയമം അനുവദിക്കുകയാണെങ്കില്‍ കുട്ടിയെ ദത്തെടുക്കാന്‍ താന്‍ തയാറാണെന്നും തന്റെ ഭാര്യയെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഗുലാം അബ്ബാസ് പറഞ്ഞു.