ഉമ്മുല്‍ഖുവൈന്‍- യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയെയും സംഘത്തെയും ശൈഖ് സൗദും കിരീടാവകാശി ശൈഖ് റാഷിദും ചേര്‍ന്നു സ്വീകരിച്ചു. ശൈഖ് സൗദിന് മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു.
മുഖ്യമന്ത്രിക്കും സംഘത്തിനും ശൈഖ് സൗദ് ഉച്ചവിരുന്നൊരുക്കി. കേരളം സന്ദര്‍ശിക്കാന്‍ ഉമ്മല്‍ ഖുവൈന്‍ ഭരണാധികാരിയെ മുഖ്യമന്ത്രി ക്ഷണിച്ചു. യു.എ.ഇയിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രിയുടെ ഉമ്മുല്‍ ഖുവൈന്‍ യാത്ര. ആദ്യ തവണ ഷാര്‍ജയിലും കഴിഞ്ഞ തവണ ഫുജൈറയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.