ജിദ്ദ -തീപ്പിടിത്തത്തെ തുടർന്ന് മുടങ്ങിയ മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ സർവീസ് ഒരു മാസത്തിനകം പുനരാരംഭിക്കും. ഇതിനുള്ള ജോലികൾ കരാർ കമ്പനി ആരംഭിച്ചു. ജിദ്ദ സുലൈമാനിയ ഡിസ്ട്രിക്ട് റെയിൽവെ സ്റ്റേഷൻ അഗ്നിബാധയിൽ തകർന്ന് തരിപ്പണമായതിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് ബദൽ പാത നിർമിക്കുന്നത്. സുലൈമാനിയ റെയിൽവെ സ്റ്റേഷനും പഴയ റെയിൽപാതയുടെ കിഴക്ക് ഹറമൈൻ റോഡിനും ഇടയിലുള്ള ഭാഗത്താണ് ബദൽ പാത. കത്തിനശിച്ച സുലൈമാനിയ സ്റ്റേഷനിൽ പ്രവേശിക്കാതെയാണ് ബദൽ പാതയിലൂടെ സർവീസുകൾ പുനരാരംഭിക്കുക.
പുതിയ ജിദ്ദ എയർപോർട്ടിന്റെ ഭാഗമായി പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിലെ അഞ്ചാമത്തെ സ്റ്റേഷൻ പ്രയോജനപ്പെടുത്തി ജിദ്ദ നിവാസികൾക്കും സന്ദർശകർക്കും ട്രെയിൻ സർവീസുകൾ നൽകുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഗതാഗത മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ മാസമാണ് ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിനൊപ്പം വിമാനത്താവളത്തിലെ റെയിൽവെ സ്റ്റേഷനും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തത്.