Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സൗദി ഓഹരി നിയമത്തിൽ പൊളിച്ചെഴുത്ത് 

റിയാദ്- വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് ഓഹരി നിയമത്തിൽ കാതലായ ഭേദഗതി വരുത്തിയതായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി വ്യക്തമാക്കി. ഓഹരി നിയമാവലിയുടെ 90 ാം വകുപ്പിലെ ഒന്നും മൂന്നും അനുഛേദത്തിൽ മാറ്റം വരുത്താൻ  അതോറിറ്റി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. 2020 ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. എല്ലാവിഭാഗം വിദേശ നിക്ഷേപകരെയും ആകർഷിക്കുന്നതിനും സാമ്പത്തിക വിപണി വികസിപ്പിക്കുന്നതിനും പുറമെ, വിഷൻ 2030 വിഭാവന ചെയ്യുന്നത് പ്രകാരം ലോകോത്തര നിലവാരത്തിലേക്ക് സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുത്തുന്നതിനുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. 


ആഭ്യന്തര വിപണിയിൽ തങ്ങളുടെ ഓഹരി ലിസ്റ്റ് ചെയ്യുന്നതിന് വിദേശ നിക്ഷേപകരെ അനുവദിക്കുന്നതാണ് പ്രധാന ഭേദഗതി. ഇതോടെ, സൗദിയിൽ തങ്ങളുടെ കാപിറ്റൽ വർധിപ്പിക്കുന്നതിനും വിദേശ നിക്ഷേപകർക്ക് അവസരം ഒരുങ്ങും. പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്ത സൗദിക്ക് അകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് നേരിട്ട് രാജ്യത്ത് നിക്ഷേപാവസരം ഒരുക്കുന്നതിനും നിയമഭേദഗതി വഴിയൊരുക്കും. 


കൂടാതെ, സമാന്തര വിപണി (വളർച്ച) യെ കൂടുതലായി ആകർഷിക്കുന്നതിനും അതുവഴി മറ്റൊരു വിഭാഗം നിക്ഷേപകരെ ക്ഷണിക്കുന്നതിനും നിയമഭേദഗതി ലക്ഷ്യം വെക്കുന്നുണ്ട്. സാമ്പത്തിക വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം, ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗത്വം, ധനസ്ഥിതി വിവരം പ്രസിദ്ധീകരണ വ്യവസ്ഥ, ഓഡിറ്റ് കമ്മിറ്റി അംഗത്വ നിയമാവലി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് കാപിറ്റൽ അതോറിറ്റി ഭേദഗതി വരുത്തിയത്. 


പരിചയ സമ്പത്ത് മാനദണ്ഡമാക്കുന്നില്ലെന്നതാണ് പരിഷ്‌കരിച്ച നിയമാവലിയുടെ സവിശേഷത. പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുതിയ നിയമത്തിൽ സുഗമമാക്കിയിട്ടുണ്ടെന്നത് നിക്ഷേപകരെ കൂടുതലായി ആകർഷിക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഡയറക്ടർ ബോർഡ് പ്രതീക്ഷിക്കുന്നു. ഇതോടെ, വൻകിട കമ്പനികൾക്ക് പുറമെ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ കൂടി സൗദിയെ ഒരു പ്രധാന വിപണിയായി കരുതും.

ദേശീയ സമ്പത് വ്യവസ്ഥക്ക് സുസ്ഥിരതയും പിൻബലവും നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അൽഖുവൈസ് വ്യക്തമാക്കി. വിദേശ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഓഹരി നിയമത്തിൽ ഭേദഗതി വരുത്തിയത്. സാമ്പത്തിക വിപണിയിലേക്ക് കടന്നുവരാൻ പുതിയ പാഥേയം തുറന്നിടുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാമ്പത്തിക വിപണിയായ സൗദി അറേബ്യ, അന്താരാഷ്ട്ര മാർക്കറ്റിനോട് മത്സരിക്കാൻ ശേഷി ആർജിച്ചതായും മുഹമ്മദ് അൽഖുവൈസ് വ്യക്തമാക്കി. 

Latest News