കാസർകോട് - ഗൾഫ് നാടുകളിലും മുംബൈയിലുമുള്ള മഞ്ചേശ്വരത്തുകാരുടെ വോട്ടുകൾ സ്വന്തം പെട്ടിയിൽ നിറക്കാൻ മുന്നണി സ്ഥാനാർത്ഥികൾ അതിർത്തി കടക്കുന്നു. മുംബൈ വോട്ടും പ്രവാസി വോട്ടും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ നിർണായകമാണ്. ഈ വോട്ടർമാരെയെല്ലാം നേരിൽ കണ്ടും വിവരമറിയിച്ചും നാട്ടിലെത്തിച്ചു വോട്ട് ചെയ്യിപ്പിക്കുന്നതിലാണ് സ്ഥാനാർത്ഥികൾ കണ്ണുവെച്ചിരിക്കുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലെ 30,000 ത്തോളം വോട്ടുകൾ മുംബൈ ഉൾപ്പെടെയുള്ള ഇതര സംസ്ഥാന നഗരങ്ങളിലും ഏതാണ്ട് അത്ര തന്നെ വോട്ടുകൾ ഗൾഫ് നാടുകളിലുമുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ വോട്ടുകൾ ലക്ഷ്യമിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീൻ ഇന്നലെ രാത്രി എട്ട് മണിയോടെ മംഗളുരു വിമാനത്താവളം വഴി മുംബൈയിലെത്തി. യു.ഡി.എഫ് മണ്ഡലം കൺവീനർ എ.കെ.എം അഷ്‌റഫും കൂടെയുണ്ട്. ഗൾഫിൽ കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള വോട്ട് പിടുത്തവും സജീവമാണ്.
ഇടതു മുന്നണി സ്ഥാനാർത്ഥി എം. ശങ്കർറൈ പോകുന്ന തീയതി നിശ്ചയിച്ചില്ലെങ്കിലും കെ.കെ. അബ്ദുല്ലക്കുഞ്ഞി (സി.പി.എം), ഖാലിദ് (ഐ.എൻ.എൽ) എന്നിവരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനം തുടങ്ങിയിട്ട് രണ്ടു ദിവസമായി. എൻ.ഡി.എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ അടുത്ത ദിവസം മണ്ഡല അതിർത്തി കടക്കുമെന്നറിയുന്നു.
മുംബൈ, ഗോവ, പൂനെ, ബംഗളുരു എന്നിവിടങ്ങളിലും ദുബായ്, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, മസ്‌കത്ത് തുടങ്ങിയ രാജ്യങ്ങളിലും മഞ്ചേശ്വരത്തെ വോട്ടർമാർ സ്ഥാപനം നടത്തുകയും ജോലി ചെയ്യുന്നുമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പായി ടൂറിസ്റ്റ് ബസുകൾ പ്രത്യേകം ഏർപ്പാട് ചെയ്തും വിമാനത്തിലും വോട്ടർമാരെ മഞ്ചേശ്വരം നാട്ടിൽ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. മുപ്പതിനായിരവും അതിലേറെയും മുടക്കി വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തുന്നവരും ഈ മണ്ഡലത്തിലുണ്ട്.
'മഞ്ചേശ്വരത്തെ 30 ശതമാനം വോട്ടർമാരും ഗൾഫിലും മുംബൈയിലും മറ്റും ജോലി ചെയ്യുന്നവരാണ്. ഇവരെ വോട്ടെടുപ്പ് സമയത്ത് നാട്ടിലെത്തിക്കാൻ പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തെ പോളിംഗ് സാധാരണ 60 -65 ശതമാനത്തിനും മുകളിൽ കടക്കാത്തത് ഈ പ്രവാസി വോട്ടുകൾ കാരണമാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് പോളിംഗ് 70 ശതമാനം കടന്നത്' -എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി വി.പി.പി. മുസ്തഫ പറയുന്നു. മഞ്ചേശ്വരത്തുകാരായ മുഴുവൻ പ്രവാസികളെയും നാട്ടിൽലെത്തിച്ചു വോട്ട് ചെയ്യിപ്പിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം കൺവീനർ എ.കെ.എം അഷ്റഫ് പറഞ്ഞു.
മുംബൈയിൽ പഴയതുപോലെ മഞ്ചേശ്വരത്തുകാരുടെ സാന്നിധ്യം ഇപ്പോഴില്ല. ഒരു കാലത്ത് മഹാ നഗരത്തിൽ മഞ്ചേശ്വരത്തുക്കാർക്ക് നൂറോളം ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഉണ്ടായിരുന്നത്, ഇപ്പോൾ 15 ഹോട്ടലുകൾ മാത്രമായി ചുരുങ്ങി. എന്നാൽ ഗൾഫിൽ ഇന്നാട്ടുകാരുടെ സാന്നിധ്യം ധാരാളമുണ്ട്.