കോട്ടയം - മേലുകാവ് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച കേസിൽ എസ്.ഐ സന്ദീപിനെ സസ്‌പെന്റ് ചെയ്തു. നാലു പോലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് സംഘം നടപടി ശുപാർശ ചെയ്തു.
ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് എസ്.ഐ സന്ദീപിനെ കേസിൽ പ്രതി ചേർത്തത്. താൻ പ്രതിയല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ഷെയർ ചെയ്ത ശേഷമാണ് പാലാ കടനാട് സ്വദേശി ജീവനൊടുക്കിയത്. മാർച്ചിലായിരുന്നു സംഭവം.
മാല മോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവാണ് ജീവനൊടുക്കിയത്. തന്നെ പോലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് അരോപിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. പോലീസ് മർദിച്ചെന്ന് ആരോപിക്കുന്നതായിരുന്നു വീഡിയോ. മേലുകാവ് എസ്.ഐ സന്ദീപ് ഉൾപ്പെടെയുള്ളവരെ പേരെടുത്ത് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ആവർത്തിക്കുന്ന ആത്മഹത്യാ കുറിപ്പും അന്ന് പോലീസിന് ലഭിച്ചിരുന്നു.
മാല മോഷണക്കേസിൽ അറസ്റ്റിലായി രാജേഷ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് താൻ മോഷണം നടത്തിയെന്ന ആരോപണം നിഷേധിച്ച് യുവാവ് സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അയച്ച് മാർച്ച് ആറിന് രാവിലെ പതിനൊന്നരയോടെ ആത്മഹത്യ ചെയ്തത്. തന്നെ തേടി വീട്ടിലെത്തിയ പോലീസ് അമ്മയുടെ മുന്നിൽ വെച്ചും മർദിച്ചെന്ന് രാജേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യക്ക് കാരണം പോലീസ് പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മാല മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം പോലീസ് ക്രൂരമായി മർദിച്ചതായി ബന്ധുക്കളും ആരോപിച്ചിരുന്നു.
താൻ മാല മോഷ്ടിച്ചിട്ടില്ല. ശരത്ത് എന്നയാളിൽ നിന്ന് താൻ ഒരു കാർ വാങ്ങിച്ചിരുന്നു. ഇതിന് ശേഷമാണ് സംഭവങ്ങൾ മാറിമറിയുന്നത്. ഈ ശരത്താണ് അയാളുടെ ചേച്ചിയുടേതെന്ന് പറഞ്ഞ് ഒരു മാല തന്നെ ഏൽപിച്ചത്. താനത് പണയം വെച്ച് മുപ്പത്തിയാറായിരം രൂപ നൽകി. എന്നാൽ താൻ മാല മോഷ്ടിച്ച് പണയം വെച്ചെന്നാണ് പോലീസ് പറയുന്നത്. താൻ എല്ലാം അവസാനിപ്പിക്കുകയാണെന്നും ശരത്ത് വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ മോഷണ സംഘത്തെ സഹായിച്ചതിന് രാജേഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്.
കസ്റ്റഡിയിൽ മർദനമേറ്റെന്ന രാജേഷിന്റെ പരാതിയിൽ മജിസ്‌ട്രേറ്റിന്റെ നിർദേശത്തെ തുടർന്ന് രണ്ടാംഘട്ട മെഡിക്കൽ പരിശോധന നടത്തിയിരുന്നു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പോലീസിന് അനുകൂലമായിരുന്നു.
കോട്ടയത്ത് നടന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗിൽ രാജേഷിന്റെ അച്ഛൻ പി.എസ്.രാജു, അമ്മ ഓമന എന്നിവർ പരാതിയുമായി എത്തിയിരുന്നു. കസ്റ്റഡിയിൽ എടുത്ത രാജേഷിന് മേൽ 15 മോഷണക്കേസുകൾ ചുമത്താൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
മകനെ മർദിച്ച പോലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മരിച്ച രാജേഷിന്റെ മാതാപിതാക്കൾ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. വിഷയത്തിൽ പോലീസ് കംപ്ലയിന്റ് അതോറിറ്റി മേലുകാവ് എസ്.ഐയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും പോലീസ് അതിക്രമത്തെ കുറിച്ച് ഇന്റലിജൻസ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് യുവാവിന്റെ പിതാവ് രാജു ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിൽ വെച്ചെന്ന ആരോപണം പ്രഥമദൃഷ്ട്യ വിശ്വാസയോഗ്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിലാണ് എസ്.ഐക്കെതിരെ നടപടിയെടുത്തത്.