കോഴിക്കോട്- സാംസ്‌ക്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം.എൻ കാരശ്ശേരിക്കു നേരെ കോഴിക്കോട്ട് ആക്രമണം. കക്കാടംപൊയിലിന് സമീപം തേനരുവി എന്ന സ്ഥലത്തുവെച്ചാണ് കാരശേരിക്കും സംഘത്തിനും നേരെ അക്രമണമുണ്ടായത്. അജിത, കുസുമം ജോസഫ്, കെ.എം ഷാജഹാൻ, കെ.ആർ നീലകണ്ഠൻ, ഡോ. ആസാദ്, ഡോ. നുജൂം, ചിത്രകാരൻ ചൻസ് എന്നിവരടക്കം 46 പേരുള്ള സംഘമാണ് കാരശേരിക്കൊപ്പമുണ്ടായിരുന്നത്. തേനരുവി എന്ന സ്ഥലത്ത് ക്വാറി കാണാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചില നാട്ടുകാരും പി.വി അൻവർ എം.എൽ.എയുടെ ഗുണ്ടകളുമാണ് അക്രമണത്തിന് പിന്നിലെന്ന് കാരശേരി ആരോപിച്ചു. ജനകീയ രാഷ്ട്രീയ മുന്നണിയുടെ ബാനറിലായിരുന്നു യാത്ര. കോടതി മൂന്നുവട്ടം പൊളിക്കാൻ പറഞ്ഞിട്ടും എന്തുകൊണ്ടാണ് പി.വി അൻവറിന്റെ തടയണ പൊളിക്കാത്തതെന്നും ഇതിന് പിന്നിലെ കാരണങ്ങൾ തേടിയാണ് യാത്ര നടത്തിയതെന്നും കാരശേരി പറഞ്ഞു. കക്കാടംപൊയിലിലെ ഡാം സന്ദർശിക്കുമെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നുവെന്ന് മൊബൈൽ ഫോണും തോൾ സഞ്ചിയുമല്ലാതെ മറ്റൊന്നും തങ്ങളുടെ കൈവശമുണ്ടായിരുന്നില്ലെന്നും കാരശേരി പറഞ്ഞു.