Sorry, you need to enable JavaScript to visit this website.

കൂടത്തായി ദുരൂഹ മരണങ്ങൾ; ഞെട്ടൽ മാറാതെ, വിശ്വാസം വരാതെ നാട്ടുകാർ 

കോഴിക്കോട്- കൂടത്തായിയിൽ ഉറ്റ ബന്ധുക്കളായ ആറുപേർ വർഷങ്ങളുടെ ഇടവേളയിൽ ഒരേ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്നും ജോളി പ്രധാന പ്രതിയാണെന്നും പുറത്തുവന്നതോടെ ഞെട്ടൽ വിട്ടൊഴിയാതെ നാട്ടുകാരും അയൽവാസികളും. ദിവസങ്ങളായി ജോളിയുടെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരുന്നുവെങ്കിലും നാട്ടുകാർക്ക് കാര്യം പിടികിട്ടിയിരുന്നില്ല. കൊലപാതകമാണെന്ന് സംശയിക്കുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിട്ടുപോലും അയൽവാസികൾ അന്നമ്മ ടീച്ചറുടെയും ഭർത്താവ് ടോം തോമസിന്റെയും മരണങ്ങൾ കൊലപാതകങ്ങളാവുമെന്ന് വിശ്വസിച്ചിരുന്നില്ല. എന്നാൽ ഇന്നലെ രാവിലെ ഒമ്പതരയോടെ പോലീസെത്തി ജോളിയെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകമാണെന്ന് അയൽക്കാർ പോലും ഉറപ്പിക്കുന്നത്.  
മരിച്ച അന്നമ്മ ടീച്ചറിനെയും ഭർത്താവ് ടോം തോമസിനെയും കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായമേ പറയാനുള്ളൂ. നാട്ടുകാരോടും അൽക്കാരോടുമൊക്കെ നല്ല പെരുമാറ്റമായിരുന്നു ജോളിയുടേത്. അതുകൊണ്ടുതന്നെ അവൾ ഈ കടുംകൈ ചെയ്യുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. 2002 ൽ അന്നമ്മ ടീച്ചർ ആട്ടിൻസൂപ്പ് കഴിച്ച ശേഷം ചർദിച്ചും 2008 ൽ ടോം തോമസ് കപ്പപ്പുഴുക്ക് കഴിച്ച ശേഷം ചർദിച്ച് തളർന്നു വീണാണ് മരിച്ചത്. 2011 ൽ  റോയ് ഭക്ഷണം കഴിച്ചയുടൻ ശുചിമുറിയിൽ ചർദിച്ചു വീണാണ് മരിച്ചത്. മൂന്നുമരണ സമയത്തും വീട്ടിലുണ്ടായിരുന്നത് ജോളിയാണ് ബഹളം വെച്ചും കരഞ്ഞും അൽക്കാരെ വിവരമറിയിക്കുന്നതും ആശുപത്രിയിൽ കൊണ്ടുപോവാൻ സഹായിച്ചതുമൊക്കെ. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ സംശയമുയർന്നപ്പോൾപോലും അയൽക്കാരടക്കം ജോളിയെ സംശയിച്ചില്ല. 
എൻ.ഐ.ടിയിൽ പ്രൊഫസറാണെന്നാണ് ജോളി പ്രദേശവാസികളോടും മറ്റും പറഞ്ഞിരുന്നത്. ചിലരോട് ബി.ടെക് ബിരുദധാരിയാണെന്നും പറഞ്ഞിരുന്നു. എൻ.ഐ.ടിയുടെ പേരിലുള്ള വ്യാജ ഐ.ഡി കാർഡും ഇവരുടെ കൈവശമുണ്ടായിരുന്നതായി പറയപ്പെടുന്നു. പോലീസ് അന്വേഷണത്തിൽ ഇവർക്ക് ബി.കോം ബിരുദം മാത്രമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. 
ഇന്നലെ രാവിലെ ഒമ്പതരയോടെ പോലീസെത്തി ജോളിയെ കസ്റ്റഡിയിലെടുത്തപ്പോൾ ബിരുദ വിദ്യാർഥിയായ മൂത്തമകനും സ്‌കൂൾ വിദ്യാർഥിയായ ഇളയമകനും അടുത്ത ബന്ധുവും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നീട് മരിച്ച റോയിയുടെ സഹോദരി റൺജി വീട്ടിലെത്തി. ഇവർ എറണാകുളത്താണ് താമസം. ഉച്ചയോടെ പുറത്തുപോയ ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവും വീട്ടിൽ തിരിച്ചെത്തി. പോലീസ് നിർദേശപ്രകാരം പിന്നീട് ഇവർ വീടുമാറുകയും കുട്ടികൾ ബന്ധുക്കളുടെ വീട്ടിലേക്ക് മാറുകയുമായിരുന്നു.
 

Latest News