മക്ക- പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. മക്ക സിത്തീൻ സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം അർധ രാത്രിയാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പ്രതികളെ പട്രോൾ പോലീസ് ഉദ്യോഗസ്ഥൻ നാശി അമ്മാർ അൽമഖാതി പിന്തുടരുകയായിരുന്നു.
പോലീസ് വാഹനം കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പോലീസ് വാഹനം നിർത്തി ഉദ്യോഗസ്ഥൻ പ്രതികളെ പിന്തുടരാൻ ശ്രമിച്ചു. ഇതിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. പട്രോൾ പോലീസ് വാഹനത്തിൽ നാശി അൽമഖാതിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ അന്വേഷിച്ച് പിന്നാലെ എത്തിയപ്പോഴാണ് സമീപത്തെ മറ്റൊരു ഗലി റോഡിൽ പോലീസ് ഉദ്യോഗസ്ഥൻ ബോധരഹിതനായി നിലത്ത് വീണുകിടക്കുന്നതായി കണ്ടെത്തിയത്.
കല്ലിൽ കാൽ തട്ടി ഫുട്പാത്തിൽ ശിരസ്സടിച്ച് വീണാണ് ഉദ്യോഗസ്ഥന് പരിക്കേറ്റതെന്നാണ് വിവരം. തലയോട്ടി തകർന്ന് മസ്തിഷ്‌കത്തിൽ രക്തസ്രാവമുണ്ടായി പൂർണ അബോധാവസ്ഥയിൽ മക്ക അൽസാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാശി അൽമഖാതിയെ വിദഗ്ധ ചികിത്സക്കായി കൂടുതൽ സൗകര്യങ്ങളുള്ള ജിദ്ദ കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകണമെന്ന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനോട് കുടുംബം അപേക്ഷിച്ചു.
മക്ക പട്രോൾ പോലീസ് വിഭാഗം മേധാവി കേണൽ മുഹമ്മദ് അൽസുഹൈമിയും പ്രത്യേക ദൗത്യസേനാ ഉദ്യോഗസ്ഥൻ മേജർ ജംആൻ അൽസഹ്‌റാനിയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പോലീസുകാരനെ സന്ദർശിച്ചു.