റിയാദ്- സൗദി അറേബ്യയിൽ പ്രതിവർഷം 1,300 കോടി റിയാലിന്റെ ഭക്ഷണങ്ങൾ പാഴായിപ്പോകുന്നതായി സൗദി ഗ്രെയിൻസ് ഓർഗനൈസേഷൻ റിപ്പോർട്ട് പറയുന്നു. ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന് പ്രതിവർഷം 4,000 കോടി റിയാലാണ് ചെലവഴിക്കുന്നത്. ഏറ്റവും കൂടുതൽ പാഴാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ പച്ചക്കറിയാണ്. രണ്ടാം സ്ഥാനത്ത് ബീഫും മൂന്നാം സ്ഥാനത്ത് വത്തക്കയുമാണ്. പച്ചക്കറി വർഗങ്ങളുടെ 44 ശതമാനവും ബീഫിന്റെ 43 ശതമാനവും വത്തക്കയുടെ 41 ശതമാനവും പാഴാക്കപ്പെടുകയാണ്.
പ്രതിവർഷം 4,000 ടണ്ണിലേറെ ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഭക്ഷ്യവസ്തുക്കൾ പാഴാക്കിക്കളയുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് കുടുംബങ്ങൾ മിതവ്യയം ശീലമാക്കേണ്ടതിന്റെ അനിവാര്യതയാണ് ഇത് സൂചിപ്പിക്കുന്നത്. പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിന് സൗദി ഗ്രെയിൻസ് ഓർഗനൈസേഷൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. കാമ്പയിൻ രണ്ടു വർഷം നീണ്ടുനിൽക്കും. 2030 ആകുമ്പോഴേക്കും പാഴാക്കിക്കളയുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് പകുതിയായി കുറക്കുന്നതിനാണ് ബോധവൽക്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പാഴാക്കിക്കളയുന്ന ഭക്ഷ്യവസ്തുക്കളുടെ വിശദമായ കണക്കുകൾ ശേഖരിക്കുന്നതിന് രാജ്യത്തെ പതിമൂന്നു പ്രവിശ്യകളിലെ 35 നഗരങ്ങളിൽ സൗദി ഗ്രെയിൻസ് ഓർഗനൈസേഷൻ ഫീൽഡ് സർവേ നടത്തിയിരുന്നു. കൃഷി, വിളവെടുപ്പ്, ഉൽപാദനം, നിർമാണം, സംഭരണം, വിതരണം, ഉപഭോഗം തുടങ്ങി എല്ലാ തലങ്ങളിലും പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളുടെ കണക്കെടുക്കുന്നതിനുള്ള ഫീൽഡ് സർവേ വനിതകൾ അടക്കം 600 ലേറെ ഗവേഷകർ അടങ്ങിയ നാൽപതു സംഘങ്ങളാണ് നടത്തിയത്. രാജ്യത്തെ നിത്യോപയോഗ വസ്തുക്കളായ 19 ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട കണക്കുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ശേഖരിച്ചത്.