Sorry, you need to enable JavaScript to visit this website.

പതിനായിരം കോടിയുടെ നിക്ഷേപ വാഗ്ദാനവുമായി പ്രവാസി വ്യവസായികള്‍

ദുബായ്- കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപത്തിന് പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രമുഖ പ്രവാസി വ്യവസായികളുടെ നിക്ഷേപക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദുബായ് ആസ്ഥാനമായ ഡി.പി വേള്‍ഡ്, ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മേഖലയില്‍ 3500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. ആഗോള നിക്ഷേപക സംഗമത്തില്‍ കൊച്ചിയില്‍ വെച്ച് കരാര്‍ ഒപ്പുവയ്ക്കുമെന്ന് ഡിപി വേള്‍ഡ് വൈസ് പ്രസിഡന്റ് ഉമര്‍ അല്‍മൊഹൈരി പറഞ്ഞു.
ചില്ലറവില്‍പ്പന മേഖലയില്‍ ലുലു ഗ്രൂപ്പ് 1500 കോടിയുടെയും വിനോദസഞ്ചാര മേഖലയില്‍ ആര്‍.പി ഗ്രൂപ്പ് 1000 കോടിയുടെയും ആരോഗ്യ മേഖലയില്‍ ആസ്റ്റര്‍ 500 കോടിയുടെയും നിക്ഷേപത്തിന് തയാറാണെന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ അന്‍പതോളം പ്രവാസി വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപ സന്നദ്ധത അറിയിച്ചത്.
അതേസമയം നോര്‍ക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ ഇടത്തരം സംരംഭകരെയാണ് പരിഗണിക്കുന്നതെന്നും അതുവഴി നിശ്ചിത വരുമാനം ഉറപ്പു നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക റൂട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Latest News