മദീന- കേരളത്തിൽനിന്നെത്തിയ ഭിന്നശേഷിക്കാരായ ഉംറക്കാരെ ഹൃദയം തുറന്ന് സ്വീകരിച്ച് മദീന. ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഏർപ്പെടുത്തി ഹറം അഥോറിറ്റി മസ്ജിദു നബവിയിലെ റൗദയിൽ ഇവർക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ജംഇയ്യത്തുൽ ത്വയ്ബ, ഇതിന്റെ മേധാവി അബ്ദുൽ മുഹസിൻ, അബ്ദുല്ല ബാ നിഅ്മ തുടങ്ങിയവരെല്ലാം മുഴുവൻ കാര്യങ്ങൾക്കും രംഗത്തുണ്ടായിരുന്നു. റൗദയിൽ ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രവേശനം ഒരുക്കിയാണ് ഹറം അഥോറിറ്റി ഇവരെ സ്വീകരിച്ചത്. വ്യാഴാഴ്ച രാത്രി ഹറമിലെത്തിയ സംഘം ഇന്നലെ ജുമുഅ നമസ്‌കാരവും പ്രവാചക പള്ളിയിൽ നിർവഹിച്ചു.
ഇന്ന് മദീനയിലെ വിവിധ സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തുകയാണ്. ഇവർക്ക് യാത്ര ചെയ്യാനായി മാത്രം ഏഴ് സ്‌പെഷ്യൽ വാനുകൾ ഏർപ്പെടുത്തി. ഭിന്നശേഷിക്കാർക്കൊപ്പമുള്ളവർക്ക് സഞ്ചരിക്കാൻ ബസും ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാരായ 48 പേരടക്കം 113 പേരാണ് കഴിഞ്ഞദിവസം കേരളത്തിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയത്. ചേർത്തുപിടിക്കാം വാട്‌സാപ്പ് കൂട്ടായ്മയുടെ കീഴിലാണ് സംഘം ഉംറക്കെത്തിയത്. ഇന്ന് രാത്രി ജംഇയ്യത്തു ത്വയ്ബ ഉംറക്കാർക്ക് സ്വീകരണം നൽകും. വിവിധ സംഘടനകൾ ഇവർക്കാവശ്യമായ സഹായവുമായും രംഗത്തുണ്ട്.