കോഴിക്കോട്- താമരശ്ശേരി കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കുളും അടക്കം ആറുപേർ ദുരൂഹ സഹചര്യത്തിൽ മരിച്ച സംഭവത്തിൽ നേരത്തെ കസ്റ്റഡിയിലെടുത്ത ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ദുരൂഹമരണങ്ങളിൽ പങ്കില്ലെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയെങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുവായ ജോളി, ഇവർക്ക് സയനൈഡ് എത്തിച്ചുനൽകിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയുമാണ് വടകര റൂറൽ എസ്.പി ഓഫീസിൽ ചോദ്യം ചെയ്യുന്നത്. ജോളിയും ജ്വല്ലറി ജീവനക്കാരനും കുറ്റസമ്മതം നടത്തിയെന്ന് വിവരമുണ്ട്.