റിയാദ്- സൗദി അറേബ്യയിലെ റോഡുകളിൽ അടുത്ത വർഷം മുതൽ ടോൾ ചുമത്താൻ ഗതാഗത മന്ത്രാലയം ആലോചിക്കുന്നു എന്ന നിലക്ക് പ്രാദേശിക പത്രത്തിൽ വന്ന റിപ്പോർട്ട് ശരിയല്ലെന്ന് ഗതാഗത മന്ത്രാലയ വക്താവും മന്ത്രിയുടെ ഉപദേഷ്ടാവുമായ യാസിർ അൽ മിസ്ഫർ പറഞ്ഞു.
അടുത്ത വർഷം മുതൽ റോഡുകളിൽ ടോൾ ബാധകമാക്കുമെന്നും ടോൾ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി ഡോ.നബീൽ അൽആമൂദി വെളിപ്പെടുത്തിയെന്നാണ് പത്രം വ്യാജ വാർത്ത നൽകിയത്. റോഡുകളിൽ ടോൾ നടപ്പാക്കുന്നതിനെ കുറിച്ച് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്.
അടുത്ത വർഷം മുതൽ ടോൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. വ്യാജ വാർത്തകളും ഗതാഗത മന്ത്രാലയത്തിന് അപകീർത്തിയുണ്ടാക്കുന്ന വാർത്തകളും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രാലയത്തിന് അവകാശമുണ്ടാകുമെന്നും യാസിർ അൽ മിസ്ഫർ പറഞ്ഞു.