Sorry, you need to enable JavaScript to visit this website.

ലോകത്തിന്റെ എണ്ണയാവശ്യം നിറവേറ്റാൻ സൗദിക്ക് കഴിയും -ഊർജ മന്ത്രി

റിയാദ്- ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റി അയക്കുന്ന രാജ്യമെന്നോണം ലോക രാജ്യങ്ങളുടെ എണ്ണയാവശ്യം നിറവേറ്റാൻ സൗദി അറേബ്യ പൂർണ ഒരുക്കമാണെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മോസ്‌കോയിൽ  ഊർജവാര ഫോറത്തിന്റെ പ്രധാന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു ശേഷം എണ്ണയുൽപാദനം റെക്കോർഡ് സമയത്തിനകം പൂർവസ്ഥിതിയിലാക്കാൻ സർക്കാറും സൗദി അറാംകോയും കഠിന ശ്രമങ്ങളാണ് നടത്തിയത്. വിശ്വസിക്കാവുന്ന എണ്ണ വിതരണക്കാർ എന്ന സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഇതിലൂടെ സാധിച്ചു. 


ലോകത്ത് ഇന്നുവരെയുണ്ടാകാത്ത സമാനതയില്ലാത്ത ആക്രമണങ്ങളാണ് സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായത്. ഇത്തരമൊരു വെല്ലുവിളി ഇത്രയും കുറഞ്ഞ സമയത്തിനകം തരണം ചെയ്യാൻ സാധിക്കുന്ന മറ്റേതൊരു രാജ്യമാണ് ലോകത്തുള്ളത്. ആക്രമണങ്ങളിലൂടെ സൗദി അറേബ്യയുടെ ആകെ ഉൽപാദന ശേഷിയുടെ പകുതിയാണ് നഷ്ടപ്പെട്ടത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചു ശതമാനമാണിത്. ആക്രമണം നടന്ന് 72 മണിക്കൂറിനകം ഉൽപാദന ശേഷി വീണ്ടെടുക്കുന്നതിനും സൽപേര് പൂർവാധികം ശക്തിയോടെ നിലനിർത്താനും സൗദിക്ക് സാധിച്ചു. ലോകത്ത് ഏറ്റവുമധികം വിശ്വസിക്കാവുന്ന എണ്ണ വിതരണക്കാർ എന്ന സൽപേര് നിലനിർത്തുന്നതിനാണ് ഏറ്റവും വലിയ പ്രാധാന്യം നൽകിയത്. കുറഞ്ഞ സമയത്തിനുള്ളിൽ ഇക്കാര്യത്തിൽ വിജയിക്കാൻ കഴിഞ്ഞു. 


ആക്രമണങ്ങളുണ്ടായ എണ്ണ വ്യവസായ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ലോക രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ അനുവദിച്ചിട്ടുണ്ട്. ടൂറിസ്റ്റ് വിസ ആരംഭിച്ച ആദ്യ ദിവസം തന്നെ സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേർ മുന്നോട്ടു വന്നിട്ടുണ്ട്. എണ്ണ വ്യവസായ മേഖലയിൽ സൗദി അറേബ്യയുടെ സ്ഥാനവും ലോകത്ത് എണ്ണ വിതരണത്തിനുള്ള പ്രതിബദ്ധതയും നേരിട്ട് മനസ്സിലാക്കുന്നതിന് സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
 

Latest News