ന്യൂദല്‍ഹി- ഉന്നാവോ പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തതിനു പിന്നാലെ മൂന്ന് പേര്‍ ചേര്‍ന്ന് തടങ്കലില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്ന് സി.ബി.ഐ കുറ്റപത്രം.
നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിംഗ്, ശുഭം സിംഗ് എന്നിവരെയാണ് ദല്‍ഹി തീസ് ഹസാരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. പുറത്താക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ പീഡനത്തിനിരയായി ഒരാഴ്ചക്കുശേഷം ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സി.ബി.ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും മൂന്നു പേരും ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ജൂണ്‍ നാലിന് എം.എല്‍.എ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് ജൂണ്‍ 11-ന് പെണ്‍കുട്ടിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയും ബലാത്സംഗം ചെയ്യുകുയമായിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് സി.ബി.ഐ സെംഗാറിനും കൂട്ടാളികള്‍ക്കുമെതിരെ അന്വേഷണം നടത്തിയത്. റായ് ബറേലിക്ക് സമീപം പെണ്‍കുട്ടി യാത്ര ചെയ്ത കാറില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ട്രക്ക് ഇടിച്ചുകയറ്റി കൊലപ്പെടുത്താന്‍ നടത്തിയ ശ്രമത്തെ കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ അമ്മായിയും അഭിഭാഷകനും കൊല്ലപ്പെട്ടിരുന്നു.
കുറ്റപത്രം പരിശോധിക്കുന്ന ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ കേസ് ഒക്ടോബര്‍ 10 ലേക്ക് മാറ്റിയിരിക്കയാണ്.