Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നഗരസഭാ കൗണ്‍സില്‍ സംവിധാനം പരിഷ്‌കരിക്കുന്നു

റിയാദ് - രാജ്യത്തെ നഗരസഭാ കൗൺസിലുകളുടെ കാലാവധി രണ്ടു വർഷത്തേക്ക് മന്ത്രിസഭ നീട്ടി. നഗര സമിതികളുടെ പ്രവർത്തനങ്ങളിൽ ചില വീഴ്ചകളും പോരായ്മകളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പൗരന്മാരുടെ പ്രതീക്ഷകൾക്കനുസരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഫലപ്രദമായ പങ്കാളിത്തം വഹിക്കുന്നതിന് നഗരസഭാ കൗൺസിൽ സംവിധാനം സമഗ്രമായി പരിഷ്‌കരിക്കുന്നതിനാണ് നഗര സമിതികളുടെ കാലാവധി നീട്ടിയത്. 


നഗര സമിതി സംവിധാനം സമഗ്രമായി ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതികളുടെ കാലാവധി മന്ത്രിസഭ ദീർഘിപ്പിച്ചതെന്ന് ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി ഡോ. മാജിദ് അൽഖസബി അറിയിച്ചു. നിലവിലെ കൗൺസിലുകളുടെ പ്രവർത്തനം രണ്ടു വർഷം കൂടി തുടരുന്നത് നഗര സമിതി സംവിധാനം സമഗ്രമായി പരിഷ്‌കരിക്കുന്നതിന് സഹായകമാകും. പ്രഥമ നഗരസഭാ ഇലക്ഷനിൽ 179 നഗര സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നാമത്തെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും നഗര സമിതികളുടെ എണ്ണം 285 ആയി. ആദ്യ തെരഞ്ഞെടുപ്പിൽ നഗര സമിതികളിലെ ആകെ അംഗങ്ങളുടെ എണ്ണം 1,212 ആയിരുന്നു. മൂന്നാമത്തെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും അംഗങ്ങളുടെ എണ്ണം 3,165 ആയി ഉയർന്നു. 
പരിഷ്‌കരണത്തിന്റെ ഭാഗമായി നഗര സമിതി തെരഞ്ഞെടുപ്പ് പ്രക്രിയ സമൂലമായി പരിഷ്‌കരിക്കും. ഇക്കാര്യത്തിൽ വിദേശ രാജ്യങ്ങളുടെ അനുഭവ സമ്പത്തും പുതിയ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തും. നഗര സമിതി സംവിധാന പരിഷ്‌കരണത്തിന് സൗദി പൗരന്മാരുടെ അഭിപ്രായ, നിർദേശങ്ങളും പ്രയോജനപ്പെടുത്തും. നഗര സമിതികളുടെ പ്രവർത്തനങ്ങളിൽ ചില വീഴ്ചകളും പോരായ്മകളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പുതിയ തെരഞ്ഞെടുപ്പിലൂട നിലവിൽ വരുന്ന നഗര സമിതികൾ ഏറ്റവും മികച്ച നിലക്കും ഫലപ്രദമായും പ്രവർത്തിക്കുന്നത് ഉറപ്പുവരുത്തുന്നതിനാണ് പരിഷ്‌കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 
നഗര സമിതികളുടെ അധികാരങ്ങൾ കൃത്യമായി നിർണയിക്കാത്തതും ഇതിന്റെ ഫലമായി നഗരസഭകളിലെ എക്‌സിക്യൂട്ടീവ് അതോറിറ്റികൾക്കും നഗരസഭാ കൗൺസിലുകൾക്കുമിടയിൽ പരസ്പര ഏകോപനത്തിലുണ്ടാകുന്ന കുറവും പൗരന്മാരുടെ പ്രതീക്ഷകൾക്കൊത്ത് നഗരസഭാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നഗര സമിതികൾക്ക് കാര്യമായ സംഭാവനകൾ നൽകാൻ കഴിയാത്തതും നഗര സമിതികളുടെ ഭാഗത്തുള്ള വീഴ്ചകളാണ്. നഗര സമിതികളുടെ പ്രവർത്തന നിലവാരം വിലയിരുത്തുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങളുടെയും സംവിധാനങ്ങളുടെയും അഭാവം, നഗര സമിതികളുടെ ചുമതലകൾക്ക് അനുസരിച്ച് അംഗങ്ങളുടെ യോഗ്യതകൾ ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡങ്ങളുടെ അഭാവം, നഗര സമിതി അംഗങ്ങളുടെ ചുമതലകൾ കൃത്യമായി നിർണയിക്കാതിരിക്കൽ, നഗരസഭാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നഗര സമിതികളുടെ മോശം സംഭാവന, ഭൂരിഭാഗം നഗര സമിതികളും കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ആവർത്തനം- മോശം നിലവാരം, പൗരന്മാരുടെ ആവശ്യങ്ങൾ പഠിക്കാതിരിക്കൽ- ശ്രദ്ധിക്കാതിരിക്കൽ, നഗര സമിതികളുടെ പ്രവർത്തനങ്ങളിൽ പരന്മാർക്കുള്ള അസംതൃപ്തി എന്നിവയെല്ലാം നഗര സമിതികളുടെ ഭാഗത്തുള്ള വീഴ്ചകളും പോരായ്മകളുമാണെന്ന് ഡോ. മാജിദ് അൽഖസബി പറഞ്ഞു. 
അടുത്ത നഗരസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെ കുറിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. നഗര സമിതി തെരഞ്ഞെടുപ്പും പ്രവർത്തനവുമായി ബന്ധപ്പെട്ട പുതിയ നിയമാവലി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പഴയ നിയമാവലിയിൽനിന്ന് തീർത്തും ഭിന്നമായിരിക്കും പുതിയ നിയമാവലിയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 
എട്ടു മാസം മുമ്പ് ഫെബ്രുവരി അഞ്ചിന് ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി ഡോ. മാജിദ് അൽഖസബി മുപ്പതു നഗര സമിതി ചെയർമാന്മാരുമായും ഏഴു മുൻ ചെയർമാന്മാരുമായും സുദീർഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു. നഗര സമിതികളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ഈ കൂടിക്കാഴ്ചയിൽ നഗര സമിതികളുടെ കാലാവധി രണ്ടു വർഷത്തേക്ക് ദീർഘിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. 

Latest News