ഭീകര സംഘത്തിൽ രണ്ടു പേർ വനിതകൾ
റിയാദ് - രാജ്യത്തെ മൂന്നു മസ്ജിദുകളിൽ ചാവേറാക്രമണങ്ങൾ നടത്തുകയും ഖുവൈഇയ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ കതാബ് അൽഹമാദിയെ വധിക്കുകയും അറാറിനു സമീപം സുവൈഫ് അതിർത്തി പോസ്റ്റിൽ ഏറ്റുമുട്ടലിലൂടെ സുരക്ഷാ സൈികരെ കൊലപ്പെടുത്തുകയും ചെയ്ത ഐ.എസ് ഭീകര സംഘത്തിന്റെ നേതാവിന് വധശിക്ഷ വിധിക്കണമെന്ന് പ്രത്യേക കോടതിയിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
45 ഭീകരർ അടങ്ങുന്ന സംഘത്തിന്റെ വിചാരണ പ്രത്യേക കോടതിയിൽ ആരംഭിച്ചു. സംഘത്തിൽ രണ്ടു പേർ വനിതകളാണ്. ഇതിൽ ഒരാൾ സ്വദേശിയും രണ്ടാമത്തെ വനിത ഫിലിപ്പിനോയുമാണ്.
മയക്കുമരുന്ന് കടത്തുകാരൻ വഴി വിദേശത്തുനിന്ന് 500 കിലോ ടി.എൻ.ടി കടത്തുന്നതിനും വ്യവസായ പ്രമുഖനെയും പണ്ഡിതരെയും വധിക്കുന്നതിനും ഭീകര സംഘത്തിന്റെ നേതാവ് ശ്രമിച്ചതായും പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞു. അബഹ, നജ്‌റാൻ, അൽഹസ എന്നിവിടങ്ങളിലെ മസ്ജിദുകളിലാണ് ഭീകര സംഘം ചാവേറാക്രമണങ്ങൾ നടത്തിയത്. അബഹ സ്‌പെഷ്യൽ എമർജൻസി ഫോഴ്‌സ് ട്രെയിനിംഗ് സെന്റർ ആസ്ഥാനത്തെ മസ്ജിദ്, നജ്‌റാനിലെ അൽമശ്ഹദ് മസ്ജിദ്, അൽഹസയിലെ അൽരിദ മസ്ജിദ് എന്നിവിടങ്ങളിൽ നടത്തിയ ചാവേറാക്രമണങ്ങളിലാണ് ഭീകര സംഘത്തിന് പങ്കുള്ളത്.