Sorry, you need to enable JavaScript to visit this website.

മരിച്ചിട്ടും പേരുകളെച്ചൊല്ലി സംഘർഷം

മുൻകാല നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. എൻ ജോയ് അഥവാ നജ്മൽ ബാബു മരിച്ച് ഒരു വർഷം തികഞ്ഞിട്ടും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയഭിന്നതകളും തുടരുകയാണ്. അതിന്റെ ഭാഗമായി തന്നെ കൊടുങ്ങല്ലൂരിലെ രണ്ടുവിഭാഗങ്ങൾ വ്യത്യസ്തമായാണ് അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനം നടത്തുന്നത്. ഒരു വിഭാഗം ജോയോർമ്മപെരുന്നാൾ എന്ന പേരിൽ ഇന്ന് (ഒക്ടോബർ രണ്ടിനും) മറ്റൊരു വിഭാഗം നജ്മലിനൊപ്പം, മർദ്ദിതർക്കൊപ്പം എന്ന പേരിൽ 11 നും അനുസ്മരണം നടത്തുന്നു. ആദ്യവിഭാഗം ജോയ് എന്ന പേരും രണ്ടാം വിഭാഗം നജ്മൽ എന്ന പേരുമാണ് ഉപയോഗിക്കുന്നത് എന്നതിൽ നിന്നുതന്നെ ഇവർ തമ്മിലുള്ള ഭിന്നതയുടെ രാഷ്ട്രീയം പ്രകടമാണ്.
അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ തുടർച്ചതന്നെയാണ് ഇപ്പോൾ നടക്കുന്നത്. മർദ്ദിതരോടൊപ്പം നിൽക്കുക എന്ന രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഇസ്‌ലാം മതം സ്വീകരിച്ച് നജ്മൽ ബാബുവായി മാറിയ ജോയ് താൻ മരിക്കുമ്പോൾ ചരിത്രപ്രസിദ്ധമായ ചേരമാൻ പള്ളിയിൽ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാലത് നടന്നില്ല. 
അദ്ദേഹത്തിന്റെ ഇസ്‌ലാംമത സ്വീകരണം ഇന്ത്യയിൽ ഉയർന്നുവരുന്ന സംഘപരിവാർ ഫാസിസത്തോട് വിയോജിച്ചു കൊണ്ടും, അപര വൽക്കരിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹത്തോട് ഐക്യപ്പെട്ടു കൊണ്ടുമുള്ള രാഷ്ട്രീയ നിലപാടായിരുന്നു. അതേ രാഷ്ട്രീയ നിലപാടിന്റെ വിശാലതയിൽ നിന്നുകൊണ്ടായിരുന്നു തന്റെ മൃതശരീരം മരണാനന്തരം ചേരമാൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കം ചെയ്യുന്നതിനുവേണ്ടി ചേരമാൻ ജുമാ മസ്ജിദിലെ മൗലവിക്ക് നിവേദനം നൽകിയത്. പള്ളിക്കമ്മിറ്റി അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം പള്ളിയങ്കണത്തിൽ ഖബറടക്കം ചെയ്യാൻ തയ്യാറായിരുന്നു. എന്നാൽ യുക്തിവാദികളും ഇടതുപക്ഷക്കാരുമായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അതിനു തയ്യാറായില്ല. 
സാമൂഹികമായി ജീവിച്ച ഒരു വ്യക്തിയുടെ രാഷ്ട്രീയത്തെ സംരക്ഷിക്കാൻ പോലീസോ സ്ഥലത്തെ രാഷ്ട്രീയ നേതാക്കളോ തയ്യാറായില്ല. മൃതദേഹത്തിനുമുണ്ട് ചില അവകാശങ്ങൾ എന്നതും അംഗീകരിക്കപ്പെട്ടില്ല. ഒരു വ്യക്തിയുടെ മരണത്തോടുകൂടി അദ്ദേഹത്തിന്റെ ശരീരം മാത്രമാണ് ഇല്ലാതാകുന്നതെന്നും രാഷ്ട്രീയം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പോലീസും സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകരും തിരിച്ചറിഞ്ഞില്ല. ഒരു വിഭാഗം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും മൃതദേഹം, എന്നേ അദ്ദേഹം വിട പറഞ്ഞിരുന്ന വസതിയിൽ തന്നെ സംസ്‌കരിക്കുകയായിരുന്നു. 
ഏറെ വിവാദമായ ഈ സംഭവത്തിന്റെ തുടർച്ച തന്നെയാണ് മരണത്തിന്റെ വാർഷികത്തിലും ആവർത്തിക്കുന്നത്. ഒറ്റ ശരീരത്തിൽ ഒരേ സമയത്ത് പല വ്യക്തിത്വങ്ങളായി ജീവിച്ച ഒരാളായിരുന്നു ടി.എൻ.ജോയി എന്നും ലോകത്തെ ആകമാനം സൗന്ദര്യവത്ക്കരിക്കാൻ വേണ്ടി ജീവിച്ച, അതിനായുള്ള സ്വപ്‌നങ്ങൾ മാത്രം കണ്ട 'മനുഷ്യസ്നേഹി'യും ജീവിതം മുഴുവൻ സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ നടത്താൻ ശ്രമിച്ച 'ജനാധിപത്യവാദി'യും ഒരേസമയം നക്സലേറ്റെന്നും മുൻ നക്സലേറ്റെന്നും സഖാക്കൾ വിളിച്ചിരുന്ന സമര പോരാളിയും മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനെ പോലെ പേടിപ്പെടുത്തും വിധം സത്യസന്ധനായി ജീവിച്ച ആളും എല്ലാവരേയും അഗാധമായി സ്നേഹിക്കുകയും അത്രതന്നെ വെറുപ്പിക്കുകയും നിരന്തരം കലഹിക്കുകയും സംവദിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്തിട്ടുള്ള പച്ചയായ മനുഷ്യനുമായിരുന്ന ആ ജീവിതത്തിൽ ഒന്ന് മാത്രമായിരുന്നു നജ്മൽ ബാബു എന്നവകാശപ്പെടുന്ന വിഭാഗമാണ് ജോയോർമ്മപെരുന്നാൾ സംഘടിപ്പിക്കുന്നത്. ആ ഒന്നിനെ ഓർമ്മിക്കാനാണ് അനുസ്മരണത്തിന് പെരുന്നാൾ എന്ന പേർ നൽകിയത്. തങ്ങൾക്ക്  ആവശ്യമുള്ളത് മാത്രം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുക്കാൻ ശ്രമിക്കുന്നതും അദ്ദേഹം തങ്ങൾക്ക് മാത്രം സ്വന്തം തങ്ങളുടേത് മാത്രമായിരുന്നു എന്ന് പറയുന്നത് ജോയിയുടെ ജീവിതത്തെ നിഷേധിക്കലാണെന്നും അവർ ആരോപിക്കുന്നു. ജോയിയുടെ സമരജീവിതത്തിൽ ഒന്ന് മാത്രമായിരുന്നു നജ്മൽ ബാബു, ഒരു സമരജീവിത സന്ദർഭം എന്ന നിലയിലാണ് അതിനെ കാണേണ്ടതെന്നും അത് മാത്രമാണ് ജോയിയെന്ന് കരുതുന്നത്  വിഡ്ഢിത്തമാണെന്നും പെരുന്നാൾ സംഘാടകർ പറയുന്നു. 
അതേസമയം 11ന് അനുസ്മരണം നടത്തുന്ന  മീഡിയാ ഡയലോഗ് സെന്റർ വ്യവസ്ഥാപിത ഇടത് കാർമികത്വത്തിൽ നിലനിന്നിരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ടീയത്തിന്റെ ഉപരിപ്ലവതയെ നിരന്തരം പ്രശ്നവൽക്കരിക്കാനാണ് നജ്മൽ തന്റെ ജീവിത സായാഹ്നത്തിൽ ഊന്നൽ നൽകിയിരുന്നതെന്നും മർദ്ദിതരുടെ എല്ലാ വിധ സ്വത്വപ്രത്യേകതകളേയും നിരാകരിച്ച് കേവല മനുഷ്യരായി മാത്രം തങ്ങളോപ്പം ചേരാനുള്ള ഇടത് ആഹ്വാനങ്ങളോട് കലഹിച്ചു കൊണ്ട് അടിച്ചമർത്തപ്പെട്ട സ്വത്വങ്ങളുടെ കർതൃത്വത്തെ സാർത്ഥകമായി ഉപയോഗിച്ച് കൊണ്ട് മാത്രമേ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധം മുന്നോട്ട് കൊണ്ട് പോകാനാവൂ എന്ന നിലപാടായിരുന്നു  നജ്മൽ മുന്നോട്ട് വെച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. 
അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഏറ്റവും സാർത്ഥകമായ പ്രയോഗം കൂടിയായിരുന്നു ടി.എൻ ജോയിയിൽ നിന്നും നജ്മൽബാബു ആയുള്ള സ്വത്വപരിണാമം. 
ആ അർത്ഥത്തിൽ തന്റെ മരണശേഷവും തന്റെ രാഷ്ട്രീയ അഭിലാഷങ്ങളുടെ ചിഹ്നവും, പ്രയോഗവുമെന്ന നിലയിൽ ചേരമാൻ പള്ളിയുടെ ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് ഈ വിഭാഗം പറയുന്നു. സ്വത്വ സ്വീകരണത്തിന്റെ ആനു കാലികമായ രാഷ്ട്രീയത്തെ നിർവീര്യമാക്കിക്കൊണ്ട് നെറികേട് കാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കളും യുക്തിവാദികളും വ്യവസ്ഥാപിത ഇടതുപക്ഷവും സർക്കാർ സംവിധാനങ്ങളുമെന്നും അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തെ അസഹിഷ്ണുതയോടെ സമീപിച്ച മുസ്‌ലിം വിരുദ്ധർ മരണശേഷം 'നജ്മൽ എൻ ബാബുവിനെ' ബാക്കിവെക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിക്കുന്നു. അതിനാലാണ് നീതികേടുകളോട് നിരന്തരം കലഹിച്ച അദ്ദേഹത്തിന്റെ മരണാനന്തര അവകാശത്തോട് തികഞ്ഞ നെറികേട് കാണിച്ചു കൊണ്ട് നടക്കുന്ന ഓർമ്മപ്പെരുന്നാളുകൾക്ക് ഭിന്നമായി, നജ്മൽ ബാബുവിന്റെ രാഷ്ട്രീയം ഓർക്കുകയും സമൂഹത്തെ ഓർമ്മപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങളെന്നും ഫാസിസത്തിന്റെ അടിച്ചമർത്തൽ അത്രമേൽ രൂക്ഷമായിരിക്കെ ഇനിയങ്ങോട്ടുള്ള പ്രതിരോധത്തിന് അടിച്ചമർത്തപ്പെട്ടുന്ന എല്ലാ ഐഡിന്റിറ്റികളെയും അഡ്രസ് ചെയ്തിരുന്ന നജ്മൽ ബാബുവിന്റെ അനുസ്മരണം പ്രധാനമെന്നും മീഡിയ ഡയലോഗ് പ്രവർത്തകർ അവകാശപ്പെടുന്നു. 
എന്തായാലും രാഷ്ട്രീയ കേരള ചരിത്രത്തിൽ ഏറെ പ്രസക്തമായ കൊടുങ്ങല്ലൂരിൽ 'ടി.എൻ ജോയി'യും 'നജ്മൽ ബാബു' വും തമ്മിൽ നടക്കുന്നത് ഒരു രാഷ്ട്രീയ പോരാട്ടമാണ്. ഈ പോരാട്ടവും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മാറുമെന്ന് കരുതാം. 

Latest News