ജിദ്ദ- കോടതിയില്‍ വ്യാജ പരാതി നല്‍കി പണം ഈടാക്കാനുള്ള റെന്റ് എ കാര്‍ കമ്പനിയുടെ തട്ടിപ്പില്‍ ജിദ്ദയില്‍ ഒരു മലയാളി കൂടി കുടുങ്ങി. ജിദ്ദ ഫലസ്തീന്‍ സ്ട്രീറ്റില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് 6800 റിയാല്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് മഞ്ചേരി സ്വദേശി മുഹമ്മദ് മുനീറിനെതിരെ ജിദ്ദ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിച്ചത്.
മുനീര്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകാനിരിക്കെയാണ് കോടതിയില്‍നിന്ന് എസ്.എം.എസ് ലഭിച്ചത്. രണ്ടു വര്‍ഷം മുമ്പ് വേറെ കമ്പനികളില്‍നിന്ന് റെന്റ് എ കാര്‍ എടുത്തിട്ടുണ്ടെങ്കിലും പരാതി നല്‍കിയ കമ്പനിയില്‍നിന്ന് ഒരിക്കലും വാഹനം എടുത്തിട്ടില്ലെന്ന് മുനീര്‍ പറയുന്നു.
തന്റെ അബ്ശിര്‍ അക്കൗണ്ടില്‍ ഈ കമ്പനിയുമായുള്ള ഇടപാടുകള്‍ ഇല്ലാത്തത് കോടതിയില്‍ തുണക്കുമെന്നാണ് മുനീറിന്റെ പ്രതീക്ഷ. കമ്പനി പരാതിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ കാണിച്ചിരിക്കുന്ന വിരലടയാളത്തിലും വ്യത്യാസമുണ്ടെന്ന് മുനീര്‍ മലയാളം ന്യൂസിനോട് പറഞ്ഞു. മുനീര്‍ ഇന്ന് വീണ്ടും ജിദ്ദ കോടതിയില്‍ ഹാജരാകുന്നുണ്ട്.
നേരത്തെ മറ്റൊരു മലയാളി ഇതേ കമ്പനിയുടെ തട്ടിപ്പില്‍ കുടുങ്ങിയ കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പ് പൂട്ടിപ്പോയ കമ്പനിയാണ് പലരേയും കുടുക്കിയത്. ഫലസ്തീന്‍ സ്ട്രീറ്റില്‍ അന്വേഷിച്ചപ്പോള്‍ ചുരുങ്ങിയത് അറുപത് പേരെങ്കിലും ഈ കമ്പനിയെ കുറിച്ച് അന്വേഷിച്ച് എത്തിയതായി സമീപത്തെ സ്ഥാപനങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞതായി മുനീര്‍ പറഞ്ഞു.
ഇതേ കമ്പനിയുടെ തട്ടിപ്പില്‍ കുടുങ്ങിയ ജിദ്ദയിലെ ഫസീന്‍ അഹമ്മദ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.
----
കഴിഞ്ഞ ദിവസം എന്റെ ഫോണില്‍ വന്ന എം.എം.എസ് കണ്ട് ഞെട്ടിപ്പോയി. ജിദ്ദ എന്‍ഫോഴ്‌സ്‌മെന്റ് കോര്‍ട്ടില്‍ നിന്നുള്ള മെസേജായിരുന്നു അത്. ആറായിരത്തോളം സൗദി റിയാല്‍ നല്‍കാനുണ്ടെന്ന് കാണിച്ച് റെന്റ് എ കാര്‍ കമ്പനി ഫയല്‍ ചെയ്ത കേസാണ്.
തെറ്റ് പറ്റിയതാകുമെന്നു കരുതി വിശദ വിവരങ്ങള്‍ അറിയാനായി ജിദ്ദ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ പോയി രേഖകള്‍ പരിശോധിച്ചു. രേഖകള്‍ കണ്ടപ്പോള്‍ ശരിക്കും സ്തംഭിച്ചുപോയി.
അവര്‍ക്ക് ഇത്രയും റിയാല്‍ നല്‍കാനുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ സനദ് അമറില്‍ (Promissory Agreement) എന്റെ ഒപ്പും വിരലടയാളവും. ഞാന്‍ അങ്ങനെ ഒരു പേപ്പര്‍ കണ്ടതായി ഓര്‍ക്കുന്നില്ല.
കൂടുതല്‍ അറിയാന്‍ വേണ്ടി എന്റെ പേരില്‍ ഇത് വരെ രേഖപ്പെടുത്തിയ എല്ലാ വാഹനങ്ങളും പരിശോധിച്ചപ്പോള്‍ ഈ കമ്പനിയില്‍നിന്ന് മൂന്നു വര്‍ഷം മുമ്പ് കാര്‍ എടുത്തതായി കണ്ടു. പക്ഷേ, എന്തെങ്കിലും ഇടപാട് അവരുമായി ബാക്കി വെച്ചിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ കേസ് രജിസ്റ്റര്‍ ചെയ്തയാളെ വിളിച്ചു. നൂറു ശതമാനം ഉറപ്പാണെന്നും ആള് മാറിയതല്ലെന്നും പണം നല്‍കാതെ മാര്‍ഗമില്ലെന്നുമായിരുന്നു മറുപടി. കമ്പനിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മദീനയില്‍ മാത്രമേ ഉള്ളൂവെന്നും പറഞ്ഞു.
തട്ടിപ്പാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ പരിശോധിച്ചതോടെ ഒരാള്‍ ടെലിഫോണ്‍ നമ്പര്‍ സഹിതം സമാന അനുഭവം പങ്കുവെച്ചതായി കണ്ടു. അയാളെ വിളിക്കുകയും നേരില്‍ കാണുകയും ചെയ്തു.
മൂന്നു മാസം മുമ്പാണ് തന്റെ അനുഭവം ഷെയര്‍ ചെയ്തതെന്നും അതിനു ശേഷം 13 പേര്‍ വിളിച്ചു സമാന അനുഭവം പങ്കുവെച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. അറബ് വംശജരായിരുന്നു കൂടുതല്‍. അറബി എഴുതാനും വായിക്കാനും അറിയുന്ന അവരാരും ഇത്തരം രേഖകളില്‍ ഒപ്പ് വെച്ചതായി ഓര്‍ക്കുന്നില്ല.
പലരില്‍നിന്നും വ്യത്യസ്ത തുകയാണ് ഈടാക്കിയിരുന്നത്. 2000 മുതല്‍ 6000 റിയാല്‍ വരെ ഉണ്ട്.
എന്റെ കേസില്‍ അനുകൂല രേഖ ഉണ്ടായത് കോടതയില്‍ രക്ഷയായി. ഞാന്‍ ഒപ്പുവെച്ചെന്ന് പറയുന്ന രേഖ ഉണ്ടാക്കിയ സമയം ഞാന്‍ സൗദിയില്‍ ഇല്ലായിരുന്നു. അവധിയില്‍ നാട്ടിലായിരുന്നുവെന്ന രേഖകള്‍ ജഡ്ജിയെ കാണിച്ചു ബോധ്യപ്പെടുത്തി എന്റെ കേസ് അവസാനിപ്പിച്ചു. കമ്പനി നിരവധി പേരെ കബളിപ്പിച്ചതായും ജഡ്ജിയെ അറിയിച്ചതിനെ തുടര്‍ന്ന് നടപടികള്‍ കൈക്കൊള്ളാമെന്ന് ജഡ്ജി ഉറപ്പു നല്‍കുകയും ചെയ്തു. മുമ്പ് പണം നല്‍കിയവര്‍ക്കും തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ.