റിയാദ് - സൗദി അറേബ്യയിലെ വിദേശ നിക്ഷേപത്തിൽ ഈ വർഷം രണ്ടാം പാദത്തിൽ 10.9 ശതമാനം വർധന. രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ വിദേശ നിക്ഷേപം 1.685 ട്രില്യൺ റിയാലായി ഉയർന്നു. ഒരു വർഷത്തിനിടെ വിദേശ നിക്ഷേപത്തിൽ 165.73 ബില്യൺ റിയാലിന്റെ വർധനവാണുണ്ടായത്.
ഈ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ വിദേശ നിക്ഷേപം മൂന്നു ശതമാനം തോതിൽ വർധിച്ചു. മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപത്തിൽ 4981 കോടി റിയാലിന്റെ വർധനവുണ്ടായി.
ഈ വർഷം രണ്ടാം പാദത്തിൽ പോർട്ട്‌ഫോളിയോകളിലെ വിദേശ നിക്ഷേപങ്ങളിൽ 100 ലേറെ ബില്യൺ റിയാലിന്റെയും, ബോണ്ടുകളിലെയും മറ്റും നിക്ഷേപങ്ങളിൽ 51 ബില്യൺ റിയാലിന്റെയും നേരിട്ടുള്ള നിക്ഷേപങ്ങളിൽ 16 ബില്യൺ റിയാലിന്റെയും വർധനവുണ്ടായി.
2017 ഒന്നാം പാദത്തിൽ 1.260 ട്രില്യൺ റിയാലും രണ്ടാം പാദത്തിൽ 1.306 ട്രില്യൺ റിയാലും മൂന്നാം പാദത്തിൽ 1.309 ട്രില്യൺ റിയാലും നാലാം പാദത്തിൽ 1.361 ട്രില്യൺ റിയാലും 2018 ആദ്യ പാദത്തിൽ 1.425 ട്രില്യൺ റിയാലും രണ്ടാം പാദത്തിൽ 1.519 ട്രില്യൺ റിയാലും മൂന്നാം പാദത്തിൽ 1.529 ട്രില്യൺ റിയാലും നാലാം പാദത്തിൽ 1.635 ട്രില്യൺ റിയാലും ഈ വർഷം ആദ്യ പാദത്തിൽ 1.635 ട്രില്യൺ റിയാലുമായിരുന്നു സൗദിയിലെ വിദേശ നിക്ഷേപങ്ങൾ എന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 87,722 കോടി റിയാലായി ഉയർന്നു. ഒന്നാം പാദത്തിൽ 87,320 കോടി റിയാലും കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 86,048 കോടി റിയാലുമായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ. രാജ്യത്തെ മൊത്തം വിദേശ നിക്ഷേപത്തിൽ 52.1 ശതമാനവും നേരിട്ടുള്ള നിക്ഷേപങ്ങളാണ്.