റിയാദ് - ഈ വർഷം രണ്ടാം പാദത്തിൽ പെട്രോളിതര മേഖലയിൽ സാമ്പത്തിക വളർച്ച മൂന്നു ശതമാനമായി ഉയർന്നു. 2015 ന് ശേഷം ആദ്യമായാണ് പെട്രോളിതര മേഖലയിൽ സൗദി അറേബ്യ മൂന്നു ശതമാനം വളർച്ച കൈവരിക്കുന്നത്. എണ്ണ വിലയിടിവിനെ തുടർന്ന് 2014 മധ്യം മുതൽ സൗദി അറേബ്യ നടപ്പാക്കിവരുന്ന സാമ്പത്തിക പരിഷ്‌കരണങ്ങൾ സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് സൗദി സമ്പദ്‌വ്യവസ്ഥ മറികടക്കാൻ തുടങ്ങിയെന്നാണ് രണ്ടാം പാദത്തിൽ പെട്രോളിതര മേഖലയിൽ കൈവരിച്ച സാമ്പത്തിക വളർച്ച പ്രതിഫലിപ്പിക്കുന്നതെന്ന് ബ്ലൂംബെർഗ് ന്യൂസ് ഏജൻസി പറഞ്ഞു.
രണ്ടാം പാദത്തിൽ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം അര ശതമാനമായി കുറഞ്ഞു. ആഗോള വിപണിയിൽ എണ്ണ വിലയിടിവ് തടയാൻ ശ്രമിച്ച് സൗദി അറേബ്യ പ്രതിദിന എണ്ണ കയറ്റുമതിയിൽ അഞ്ചു ലക്ഷം ബാരലിന്റെ കുറവ് വരുത്തിയതാണ് മൊത്തം ആഭ്യന്തരോൽപാദനം കുറയുന്നതിന് ഇടയാക്കിയത്. പൊതുധന വിനിയോഗം കുറച്ചതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ തരണം ചെയ്തതും നിക്ഷേപങ്ങൾ വർധിപ്പിച്ചതും സർക്കാർ വരുമാനം വർധിച്ചതും സൗദിയിൽ ബിസിനസ് സാഹചര്യം ശ്രദ്ധേയമായ നിലയിൽ മെച്ചപ്പെടുത്തിയതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. പെട്രോളിതര മേഖലയിലെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതാണ്. എങ്കിലും സൗദി അറേബ്യയുടെ പൊതു വരുമാനത്തിൽ ഇപ്പോഴും എണ്ണയുടെ ആധിപത്യം തുടരുകയാണ്. സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളുമായി മുന്നോട്ടു പോകേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.
രണ്ടാം പാദത്തിൽ എണ്ണ വില ബാരലിന് ശരാശരി 67 ഡോളറായിരുന്നു. പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് 2018 മുതൽ നടപ്പാക്കിയ പരിഷ്‌കരണങ്ങളുടെ പ്രത്യാഘാതങ്ങൾ മറികടക്കുന്നതിൽ സൗദി സമ്പദ്‌വ്യവസ്ഥ വിജയിച്ചതായി ജദ്‌വ ഇൻവെസ്റ്റ്‌മെന്റ് കമ്പനി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം 28,700 കോടി റിയാലായി ഉയർന്നു. ഈ വർഷം ഇത് 31,300 കോടി റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം എണ്ണ വരുമാനം 75,000 കോടി റിയാലാകുമെന്നാണ് കണക്കാക്കുന്നത്. രണ്ടാം പാദത്തിൽ എണ്ണ വരുമാനം 20,000 കോടി റിയാലായിരുന്നു. അമേരിക്കയിൽ ഷെയിൽ ഓയിൽ ഉൽപാദനം വർധിച്ചതും ഒപെക്കിന് പുറത്തുള്ള രാജ്യങ്ങൾ എണ്ണയുൽപാദനം വർധിപ്പിച്ചതും ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് തുടർച്ചയായി പുറത്തുവരുന്ന റിപ്പോർട്ടുകളും ഈ വർഷം എണ്ണ വിലയിൽ കടുത്ത സമ്മർദമാണ് ചെലുത്തുന്നത്.