റിയാദ് - പൊതുസംസ്‌കാര നിയമ ലംഘനങ്ങളിലെ അപ്പീലുകളിൽ ഉടനടി തീർപ്പ് കൽപിക്കുന്നതിന് എല്ലാ പ്രവിശ്യകളിലെയും അഡ്മിനിസ്‌ട്രേറ്റീവ് കോടതികളിൽ ഏകാംഗ ബെഞ്ചുകൾ സ്ഥാപിക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ജുഡീഷ്യൽ കൗൺസിലിന് നീക്കം. കക്ഷികളുടെ സാന്നിധ്യത്തിൽ ഒന്നോ രണ്ടോ സിറ്റിംഗുകളിൽ ഏകാംഗ ബെഞ്ചുകൾ അപ്പീലുകളിൽ തീർപ്പ് കൽപിക്കും. ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്കാണ് അധികാരം നൽകിയിരിക്കുന്നത്.
നിയമ ലംഘനങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ചിത്രീകരിച്ച് നിയമ ലംഘനങ്ങൾ നടത്തിയവരുടെ പേരു വിവരങ്ങൾ, ഫോൺ നമ്പറുകൾ, നിയമ ലംഘനങ്ങളെ കുറിച്ച വിശദാംശങ്ങൾ, നിയമ ലംഘനങ്ങൾ നടത്തിയ തീയതി, നിയമ ലംഘനത്തിന് പിഴ ചുമത്തുന്നതിനുള്ള കാരണങ്ങൾ എന്നിവ ഉൾപ്പെടുത്തി പൂർണ വിവരങ്ങളോടെയുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കിയാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറേണ്ടത്.
നിയമ ലംഘനം രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരു വിവരങ്ങളും ഫോൺ നമ്പറും ഒപ്പും പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരിക്കണം.
വിദേശ വിനോദ സഞ്ചാരികൾക്കു മുന്നിൽ രാജ്യത്തിന്റെ കവാടങ്ങൾ മലർക്കെ തുറന്നു കൊടുത്ത പശ്ചാത്തലത്തിൽ വിദേശ ടൂറിസ്റ്റുകൾ കണിശമായും പാലിക്കേണ്ട മര്യാദകൾ സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസ്റ്റുകൾക്ക് ബാധകമായ പൊതുസംസ്‌കാര നിയമാവലി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനാണ് പ്രഖ്യാപിച്ചത്. പൊതു സംസ്‌കാര നിയമാവലി 19 നിയമ ലംഘനങ്ങൾ നിർണയിക്കുന്നു.
ഇതനുസരിച്ച നിയമ ലംഘനങ്ങൾക്ക് 50 റിയാൽ മുതൽ 3,000 റിയാൽ വരെ പിഴ ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ലഭിക്കും. ഒന്നിലധികം നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഓരോ നിയമ ലംഘനത്തിനുമുള്ള പിഴ വെവ്വേറെ ചുമത്തും. ഒരേ നിയമ ലംഘനത്തിൽ കൂടുതൽ പേർ ഉൾപ്പെടുന്ന പക്ഷം എല്ലാവർക്കും പിഴ ലഭിക്കും.