കോട്ടയം- കോടതി വിധി നടപ്പാക്കുന്നതിനെ ചൊല്ലിയുളള സഭാ തർക്കം രൂക്ഷമാകുന്നതിനിടെ യാക്കോബായ സഭ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. മാർച്ച് പ്രമാണിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നീതി നിഷേധത്തിനും ഇടവക പള്ളികൾ കൈയേറി വിശ്വാസികളെ പുറത്താക്കുന്ന നിലപാടുകൾക്കുമെതിരെയാണ് യാക്കോബായ സഭ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് കഞ്ഞിക്കുഴിയിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിൽനിന്ന് യാതൊരു കാരണവശാലും പിൻമാറില്ലെന്നും ആ വിശ്വാസത്തിൽ നിലനിന്ന് അനേകം പള്ളികൾ പണിതുയർത്തിയിട്ടുണ്ടെന്നും അപ്രകാരം പണിത പള്ളികൾ അന്യായമായി ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മെത്രാപോലീത്തമാരായ കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഗീവർഗീസ് മോർ കൂറിലോസ്, സഖറിയാസ് മോർ പീലക്‌സീനോസ്, തോമസ് മോർ അലക്‌സന്ത്രയോസ്, മാത്യൂസ് മോർ അന്തീമോസ്, മാത്യൂസ് മോർ തീമോത്തിയോസ്, ഏലിയാസ് മോർ യൂലിയോസ് എന്നിവർ മാർച്ചിൽ പങ്കെടുത്തു. കോട്ടയം ഭദ്രാസനത്തിലെ വിശ്വാസികളും വൈദികരും അണിനിരന്ന റാലി സമാധാന പരമായിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടരയോടെ സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നിന്നുമാണു മാർച്ച് ആരംഭിച്ചത്. യാക്കോബായ സഭയോടുള്ള നീതി നിഷേധത്തിൽ പ്രതിഷേധിക്കുകയെന്ന ബോർഡുകളുമായി കൈക്കുഞ്ഞുങ്ങളും കുട്ടികളും യുവതീയുവാക്കളും വയോജനങ്ങളും മാർച്ചിൽ പങ്കെടുത്തു. വൻ പോലീസ് സന്നാഹവും മാർച്ചിനൊപ്പമുണ്ടായിരുന്നു. മൂന്നരയോടെ പ്രതിഷേധ മാർച്ച് കഞ്ഞിക്കുഴിയിലെത്തിയപ്പോൾ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് തടഞ്ഞു.
ഓർത്തഡോക്‌സ് സഭ നീതിന്യായ സംവിധാനത്തെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിധിയെ സഭ ഒറ്റക്കെട്ടായിനിന്ന് മറികടക്കുമെന്ന് കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വിശ്വാസത്തിൽനിന്ന് യാതൊരു കാരണവശാലും പിൻമാറില്ലെന്നും ആ വിശ്വാസത്തിൽ നിലനിന്ന് അനേകം പള്ളികൾ പണിതുയർത്തിയിട്ടുണ്ടെന്നും അപ്രകാരം പണിത പള്ളികൾ അന്യായമായി ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയും സെമിത്തേരിയും പള്ളിക്കാരുടേതാണ്. അതിനു വിപരീതമായുള്ള ഏത് തീരുമാനങ്ങൾക്കെതിരായും സർക്കാർ നിയമ നിർമാണം നടത്തണം. പള്ളികൾ കൈയേറിയതുകൊണ്ട് വിശ്വാസത്തിന് യാതൊരു കുറവും വരുന്നില്ല. അത് മറുവിഭാഗത്തിന് കനത്തതിരിച്ചടിയാകും.
എറണാകുളം ജില്ലയിലെ പള്ളികയ്യേറ്റങ്ങൾ പോലെ ഇവിടെയും കൈയേറ്റങ്ങൾ നടന്നേക്കാം അത് ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളികൾ പിടിച്ചെടുക്കാനുള്ള ആർത്തിയാണ് ഓർത്തഡോക്‌സ് സഭയ്‌ക്കെന്നും ഒരു വിധിയും ശാശ്വതമല്ലെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിജീവനത്തിനായുള്ള ധർമ സമരം വിജയം വരെയും തുടരും. യാക്കോബായ സഭയോടുള്ള അനീതി പുറം ലോകം അറിഞ്ഞു കഴിഞ്ഞു. ഓർത്തഡോക്‌സ് സഭ 34 ലും കോടതി വിധിയിലുമാണ് വിശ്വസിക്കുന്നത്. എന്നാൽ യാക്കോബായ സഭ വിശ്വസിക്കുന്നത് ക്രിസ്തുവിലും ബൈബിളിലുമാണ്. തികച്ചും സമാധാനപരമായ സമര മാർഗങ്ങളിലൂടെ സഭ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.