Sorry, you need to enable JavaScript to visit this website.

കൈക്കൂലിക്കെതിരെ  വിജിലൻസിനെ  സമരായുധമാക്കി ഒരു പ്രവാസി  

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി  പലരുടെയും അവകാശമായി മാറിയിട്ടിപ്പോൾ കാലമേറെയായി. അനുദിനം കൂടുകയല്ലാതെ കുറവൊന്നും സംഭവിക്കുന്നില്ല. ഹോ, അതൊക്കെ അങ്ങനെയൊക്കെയെ നടക്കൂ എന്ന നിസ്സംഗഭാവമാണ് ഇക്കാര്യത്തിൽ പൊതു സമൂഹത്തിന്. അനീതിക്കെതിര തെരുവിൽ മുദ്രാവാക്യം വിളിച്ചവരൊക്കെ ഇക്കാലത്ത് മുഴുത്ത അനീതിയുടെ നടത്തിപ്പുകാരുമായിപ്പോയി.    ഇത്തരമൊരു സാഹചര്യത്തിലാണ് ഒരു പ്രവാസി സംരംഭകന്റെ ചെറിയ മട്ടിലുള്ള ഇടപെടൽ ശ്രദ്ധേയമാകുന്നത്. 
ബുദ്ധിപൂർവ്വം  ഇടപെടാൻ തയാറാവുകയാണെങ്കിൽ അഴിമതിക്കാരെ   കൈയ്യോടെ നിയമത്തിന് മുന്നിലെത്തിക്കാനാകുമെന്നാണ്   തിരുവനന്തപുരത്ത്  ഒരു പ്രവാസി തെളിയിച്ചു തന്നിരിക്കുന്നത്.  
ഓഫീസ് കെട്ടിടത്തിന് ലൈസൻസ് നൽകുന്നതിനായി  കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥയെ  നിയമത്തിന്റെ കൈകളിൽ ഏൽപ്പിച്ചു കൊടുക്കാൻ  ഈ പ്രവാസിക്ക് നിഷ്പ്രയാസം സാധിച്ചു.  ഇത് ചെയ്ത വ്യക്തി ഒരു പ്രവാസിയാണെന്നതാണ് ചെറുതെന്ന് പറയാവുന്ന  ഈ  നടപടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. 
എന്തു കാര്യവും വേഗത്തിൽ നടത്തി കിട്ടുന്നതിനായി വളഞ്ഞ വഴികളിൽ സഞ്ചരിക്കാൻ നിർബന്ധിതരാകുന്ന സമൂഹമാണ് പ്രവാസികൾ എന്നാണ് പൊതുധാരണ.  ഇവിടെ പക്ഷെ ഷിബു മോൻ കൃഷ്ണൻ എന്ന ഗൾഫ് പ്രവാസി ആ ധാരണക്കും ചെറുമട്ടിൽ തിരുത്തെഴുതി കഴിഞ്ഞു.  
തിരുവനന്തപുരത്തെ വഴുതക്കാട് ഭാഗത്ത് തുടങ്ങാനുദ്ദേശിക്കുന്ന ഇന്റീരിയർ ഡക്കറേഷൻ സ്ഥാപനത്തിന്റെ ലൈസൻസിനായി അപേക്ഷിക്കാൻ ജഗതിയിലുള്ള കോർപ്പറേഷൻ മേഖല ഓഫീസിൽ  ചെന്നപ്പോൾ തന്നെ  കൈക്കൂലി കൊടുക്കാതെ കാര്യം നടക്കില്ലെന്ന് ഷിബു മോൻ കൃഷ്ണന് ബോധ്യപ്പെട്ടിരുന്നു.    
5000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അത് നൽകി കാര്യം നേടിയെടുക്കാൻ നിൽക്കാതെ വിജിലൻസിൽ രേഖാമൂലം പരാതി നൽകാനാണ് ഈ പ്രവാസി തയ്യാറായത്.  വിജിലൻസും  ശരിയാംവണ്ണം കാര്യങ്ങൾ നീക്കിയപ്പോൾ കൈക്കൂലി ആവശ്യപ്പെട്ട ജൂനിയർ  ഹെൽത്ത് ഇൻസ്‌പെക്ടർ  ഇതാ ഉടലോടെ  പിടിയിൽ.  അടുത്തമാസം 10 വരെ അവർ റിമാൻഡിലാണ്.  വിവരമറിഞ്ഞയുടൻ ഉദ്യോഗസ്ഥയെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്യുകയല്ലാതെ നഗര സഭക്കും മറ്റ് മാർഗമൊന്നുമുണ്ടായിരുന്നില്ല. നഗരസഭയുടെ ജഗതി ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ സരിതയെ വെള്ളിയാഴ്ച വൈകിട്ടാണ് വിജിലൻസ് എസ്.പി ജയശങ്കറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ഗൾഫിൽ ജോലി നോക്കിയിരുന്ന ഷിബുമോൻ കൃഷ്ണൻ വഴുതക്കാട് ഭാഗത്ത് ആരംഭിക്കാനുദ്ദേശിച്ച ഇന്റീരിയർ ഡെക്കറേഷൻ ഓഫീസിന്റെ ലൈസൻസ് ആവശ്യത്തിനായായിരുന്നു ജഗതി സോണൽ ഓഫീസിലെത്തിയത്. ലൈസൻസ് അപേക്ഷകളും മറ്റും കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ചുമതലക്കാരിയായ സരിത അനുമതി ലഭിക്കണമെങ്കിൽ അയ്യായിരം രൂപ വേണമെന്ന് ഷിബുവിനോട് ആവശ്യപ്പെടുന്നതിൽ നിന്നാണ് സംഭവഗതികളുടെ തുടക്കം.
പണം ആവശ്യപ്പെടുന്നത് മൊബൈലിൽ  റെക്കാഡ് ചെയ്ത ഷിബു ഇതുമായി വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഇ.എസ്. ബിജുമോനെ സമീപിക്കുന്നതോടെ കാര്യങ്ങൾ മാറിമറഞ്ഞു. നിർദ്ദേശാനുസരണം  തിരുവനന്തപുരം റേഞ്ച് എസ്.പി ജയശങ്കറിനെ നേരിൽകണ്ട് വിവരമറിയിച്ചു.  തുടർന്നാണ് ഉദ്യോഗസ്ഥയെ  കുടുക്കാനുള്ള കെണി തയ്യാറായത്. 
പണം നൽകാമെന്ന് ഷിബു അറിയിച്ചപ്പോൾ  രാവിലെ ഓഫീസിലെത്താനാണ്  ഉദ്യേഗസ്ഥ ആവശ്യപ്പെട്ടത്. രാവിലെ ഷിബു വിജിലൻസ് സംഘത്തിനൊപ്പം ഓഫീസിലെത്തിയെങ്കിലും ഫീൽഡിലാണ്, ഉച്ചയ്ക്ക് കാണാമെന്ന് ഇൻസ്‌പെക്ടറുടെ നിർദ്ദേശം.  ഉച്ചയ്ക്ക് വീണ്ടും പണവുമായി എത്തിയപ്പോൾ ഫീൽഡ് ഇൻസ്‌പെക്ഷനുശേഷം വൈകിട്ട് വീട്ടിലേക്ക് പോകും വഴി ജഗതി  പൂജപ്പുര റോഡിലേക്ക് എത്താൻ ആവശ്യപ്പെട്ടു. 
ഇതനുസരിച്ച് വനിതകൾ ഉൾപ്പെടെയുള്ള വിജിലൻസ്  സംഘത്തോടൊപ്പമാണ് ഷിബു എത്തിയത്.  വിജിലൻസ് സംഘം നൽകിയിരുന്ന ഫിനോഫ്തലിൻ പുരട്ടിയ 5000 രൂപയുടെ നോട്ടുകൾ  കൈക്കൂലി ആവശ്യപ്പെട്ട വനിതക്ക് കൈമാറി. ഇതോടെ മറഞ്ഞു നിന്ന പോലീസ് സംഘമെത്തി ഉദ്യോഗസ്ഥയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടുറോഡിൽ പകച്ചു പോയ യുവതി ബഹളം വെച്ചു നോക്കിയെങ്കിലും വനിതകൾ ഉൾപ്പെടെയുള്ള വിജിലൻസ് സംഘത്തിന് മുന്നിൽ കീഴടങ്ങുകയല്ലാതെ  മറ്റ് വഴിയുണ്ടായിരുന്നില്ല.
 ഉന്നത തലങ്ങളിലെ അഴിമതി തടയാതെ താഴെ തട്ടിലൊരാളെ പിടിച്ചതുകൊണ്ടെന്ത് കാര്യമെന്ന് ഈ നടപടിയെ ലളിതവൽക്കരിക്കുന്നവരുണ്ടാകാം.  അപ്പറയുന്നതിന് ഒരർഥവുമില്ല.  താഴെ തട്ടിൽ ഇങ്ങനെ ആളുകൾ പിടിക്കപ്പെടുമ്പോൾ മാത്രമേ മുകൾ തട്ടിലുള്ളവർക്കും  ഭയം നിലനിൽക്കുകയുള്ളു. ചെറിയ നിലവാരത്തിലുള്ള ഉദ്യോഗസ്ഥർക്കും ഇന്ന് ജീവിക്കാനാവശ്യമായ ശമ്പളമൊക്കെയുണ്ട്. അതിരു കവിഞ്ഞ ധനാർത്തി കാരണമാണ് ഇക്കാലത്ത് ഉദ്യോഗസ്ഥർ വഴിവിട്ട നിലയിൽ കാശുണ്ടാക്കുന്നത്. അഴിമതി കേരള സാമൂഹ്യ ജീവിതത്തിൽ മെല്ലെ മെല്ലെ പടർന്ന ഒന്നാണെന്ന് കേരള സമൂഹത്തെ വീക്ഷിക്കുന്നവർക്കറിയാം. 
അഴിമതിക്കാരോടും കൈക്കൂലിക്കാരോടുമൊക്കെ എല്ലാ കാലത്തും മനുഷ്യർക്ക് വെറുപ്പായിരുന്നു. നിവൃത്തികേടു കൊണ്ട് ആളുകൾക്ക് ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരുന്നുമെന്ന് മാത്രം.  സദാചാര ശാസ്ത്രത്തിന്റെ പരസ്യമായ ലംഘനം ഉൾക്കൊള്ളുന്ന അഴിമതിക്കാരെ താഴെ തട്ടിൽ തന്നെയാണ് പിടികൂടേണ്ടത്.  യഥാർഥത്തിൽ ജീവന്റെ നിഷേധമാണ് അഴിമതി (കറപ്ഷൻ). അത് ഏത് വ്യക്തിയെയും  സംവിധാനത്തെയും ജീർണിപ്പിച്ച് ഇല്ലാതാക്കും.  ജഗതിയിലെ ചെറിയ ഓഫീസിലെ  കറപ്ഷൻ  കൈയ്യോടെ പിടിച്ചപ്പോൾ തിരുവനന്തപുരം കോർപ്പറേഷൻ സംവിധാനത്തിലാകെ ചെറിയ തോതിലെങ്കിലും അതിന്റെ പ്രതിഫലനമുണ്ടാകും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെല്ലാം ഇത്തിരി ഭയപ്പാടോടെ മാത്രമെ അൽപ്പ കാലത്തേക്കെങ്കിലും ഇടപെടുകയുള്ളു.

അനീതി അനുഭവപ്പെട്ടപ്പോൾ  ഒരു പ്രവാസിക്കുണ്ടായ ശരിയായ തോന്നൽ കാരണം കൈക്കൂലി ക്കെതിരെ ഒരു ചെറുവിരലനക്കമെങ്കിലും ഉണ്ടായിരിക്കുന്നു. അനീതിക്കെതിരെ പോരാടാനുള്ള ബോഡി ഫീലിംഗ് കൂടുതലായുള്ളവർ പ്രവാസികളായിരിക്കും. കാരണം നാട്ടിൽ ജീവിക്കുന്നവർ എല്ലാം കണ്ട് മടുത്തവരാണ്.  എല്ലാം ഇങ്ങനെയൊക്കെയെ നടക്കൂ എന്ന പൊതുബോധം അവരെ അവരറിയാതെ പിടികൂടിപ്പോയിരിക്കുന്നു.  കോർപ്പറേഷനിലെ ഉദ്യോഗസ്ഥയെ കൈക്കൂലി കേസിൽ പിടി കൂടിയ വിവരം  അറിഞ്ഞ നഗരത്തിലെ പ്രധാന സംരംഭകൻ പറഞ്ഞതിങ്ങനെയാണ്. 'കോർപ്പറേഷൻ ഉദ്യോഗസ്ഥരെക്കൊണ്ട് സഹികെട്ടവരാണ് ഞങ്ങൾ. കൈക്കൂലി വാങ്ങാനായി സംരംഭകരെ പല രീതിയിൽ ഉപദ്രവിച്ചു കൊണ്ടിരിക്കും. 
പരാതി കൊടുത്താൽ ഉപദ്രവവും കൂടുമെന്നതിനാൽ അതിന് മുതിരാറില്ല.'  പ്രവാസി സംരംഭകൻ വിജിലൻസിനെ ഉപയോഗിച്ചു നടത്തിയ നീക്കം മടിയിൽ കനമില്ലാത്തവർക്കെല്ലാം മാതൃകയാക്കാവുന്നതാണ്. 

Latest News