Sorry, you need to enable JavaScript to visit this website.

ദുബായില്‍ ബസോടിക്കാന്‍ ഇനി മലയാളി വനിത

ദുബായ്- ഹെവി ബസ് ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന യു.എ.ഇയിലെ ആദ്യ വനിതയായി മലയാളി യുവതി.  കൊല്ലം കുരീപ്പുഴ തൃക്കടവൂര്‍ സ്വദേശിനി സുജ തങ്കച്ചനാണ് ഈ നേട്ടം കൈവരിച്ചത്. ദുബായ് ഖിസൈസിലെ സ്വകാര്യ സ്‌കൂള്‍ ബസ് കണ്ടക്ടറായിരുന്നു 32 കാരിയായ സുജ ഇതുവരെ. ഇനി ഡ്രൈവര്‍ സീറ്റിലേക്ക് പ്രമോഷന്‍.
ആറു തവണ ടെസ്റ്റ് നല്‍കി പരാജയപ്പെട്ട സുജ ഏഴാം തവണയാണ് വിജയിച്ചത്.  നാട്ടില്‍ സ്‌കൂട്ടര്‍ മാത്രം ഓടിച്ചിരുന്ന സുജ ദുബായിലാണ് ഡ്രൈവിംഗ് പരിശീലിച്ചത്.

http://www.malayalamnewsdaily.com/sites/default/files/filefield_paths/suja-dubai-05.jpg

സുജയുടെ അമ്മാവന്‍ നാട്ടില്‍ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കണ്ട കുട്ടിക്കാലം മുതലേ മനസ്സില്‍ മുള പൊട്ടിയ അഭിലാഷമാണ് നിരന്തര പരിശ്രമത്തിലൂടെ സുജ സ്വന്തമാക്കിയത്. മൂന്നു വര്‍ഷം മുന്‍പാണ് ജോലി തേടി യു.എ.ഇയിലെത്തിയത്. സ്‌കൂള്‍ ബസിലെ കണ്ടക്ടര്‍ ജോലിയാണ് കിട്ടിയത്. ബസുമായുള്ള സാമീപ്യം സുജയുടെ മനസ്സില്‍ വീണ്ടും പഴയ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള മോഹത്തിന് വിത്തിട്ടു.
ദുബായില്‍ നഴ്‌സായ സഹോദരന്‍ ഡൊമിനിക്കും പിതാവ് തങ്കച്ചന്‍, അമ്മ ഗ്രേസി എന്നിവരും സുജക്ക് പിന്തുണ നല്‍കി. സ്‌കൂള്‍ അധികൃതരും സുജക്ക് ഒപ്പം നിന്നു.
ഒന്‍പത് മാസം മുന്‍പ് ദുബായിലെ അല്‍ അഹ്‌ലി ഡ്രൈവിംഗ് സെന്ററില്‍ ചേര്‍ന്ന് പഠനം തുടങ്ങി.ഇന്‍സ്ട്രക്ടര്‍ ഗീവര്‍ഗീസിന്റെ സഹകരണം ക്ലാസുകള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സഹായിച്ചു.ഹെവി ബസ് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന ആദ്യത്തെ വനിതയാണ് സുജ തങ്കച്ചന്‍ എന്ന് അല്‍ അഹ്‌ലി ഡ്രൈവിംഗ് സെന്റര്‍ അറിയിച്ചു. സെന്റര്‍ അധികൃതര്‍ സുജയെ ആദരിക്കുകയും ചെയ്തു.

 

Latest News