കൊച്ചി- പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മാണം നടത്തിയതിന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു നല്‍കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച 48 മണിക്കൂര്‍ സമയ പരിധി നാളെ തീരാനിരിക്കെ ഒഴിയില്ലെന്ന് താമസക്കാര്‍. ഇത്ര ചുരുങ്ങിയ സമയത്തിനുളളില്‍ ഒഴിയുക അപ്രായോഗികമാണെന്നും ഒരാഴ്ച സമയം അനുവദിക്കണമെന്നുമാണ് താമസക്കാരുടെ ആവശ്യം. ഇതുവരെ അമ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമെ ഒഴിഞ്ഞിട്ടുള്ളൂ. സമയപരിധി നാളെ തീരുന്നതോടെ വെള്ളവും വൈദ്യുതിയും വീണ്ടും വിച്ഛേദിക്കും. ഇനിയും സമയപരിധി നീട്ടി നല്‍കില്ലെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ വ്യക്തമാക്കി.
ഒഴിയാമെന്നു സമ്മതിച്ചതാണെന്നും എന്നാല്‍ മാനുഷിക പരിഗണന നല്‍കി സമയം നല്‍കണമെന്നും ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു. പലര്‍ക്കും താമസ സൗകര്യം ലഭിച്ചിട്ടില്ല. കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിലാണ്. വൈദ്യുതി വിച്ഛേദിച്ചാല്‍ മുകള്‍ നിലയിലെ സാധനങ്ങള്‍ താഴെയിറക്കാന്‍ പ്രയാസമാകുമെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഫ്‌ളാറ്റ് പൊളിക്കല്‍ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിനെ നേരില്‍കണ്ട് സമയം നീട്ടണമെന്ന ആവശ്യം ഉന്നയിക്കാനാണ് താമസക്കാരുടെ നീക്കം. സര്‍ക്കാര്‍ പട്ടിക തയാറാക്കിയ താല്‍ക്കാലിക താമസ സ്ഥലങ്ങളില്‍ പലയിടത്തും ഒഴിവില്ലെന്ന് ഫ്‌ളാറ്റ് ഉടമകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.