Sorry, you need to enable JavaScript to visit this website.

ഭിന്നതാല്‍പര്യം വിനയായി; കപില്‍ ദേവ് ബിസിസിഐ പദവി രാജിവച്ചു

മുംബൈ- ഭിന്നതാല്‍പര്യ വിഷയത്തില്‍ ബിസിസിഐയുടെ എത്തിക്‌സ് ഓഫീസറുടെ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും കപില്‍ ദേവ് രാജിവെച്ചു. സുപ്രീം കോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിക്കും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കും ഇ-മെയില്‍ മുഖേനയാണ് കപില്‍ രാജിക്കത്ത് നല്‍കിയത്. രാജിക്കുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. ജൂലൈയിലാണ് കപില്‍ ദേശ് ഉപദേശക സമിതി അധ്യക്ഷനായി  നിയമിതനായത്. ദേശീയ ക്രിക്കറ്റ് ടീമുകളുടെ മുഖ്യപരിശീലകരെ കണ്ടെത്തിയത് കപിലിന്റെ നേതൃത്വത്തിലുള്ള ഈ സമിതിയായിരുന്നു.

കപിലിനു പുറമെ മുന്‍ ദേശീയ ടീം കോച്ച് അന്‍ഷുമന്‍ ഗെയ്ക്ക് വാദ്, വനിതാ ക്രിക്കറ്റര്‍ ശാന്ത രംഗസ്വാമി എന്നിവര്‍ക്കും ഭിന്നതാല്‍പര്യ വിഷയം ചൂണ്ടിക്കാട്ടി എത്തിക്‌സ ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. ശാന്ത രംഗസ്വാമി ദിവസങ്ങള്‍ക്കു മുമ്പ് രാജിവച്ചിരുന്നു. ഭാരവാഹികള്‍ക്ക് ഒരു സമയം ഒരു സ്ഥാനം മാത്രമെ വഹിക്കാനാകൂ എന്ന ബിസിസിഐ ഭരണഘടന വ്യവസ്ഥ നിലനില്‍ക്കെ ഭരണസമിതിയിലെ മൂന്ന് അംഗങ്ങള്‍ക്ക് ഭിന്ന താല്‍പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയെ തുടര്‍ന്നാണ മൂന്ന് പേര്‍ക്കും എത്തിക്‌സ് ഓഫീസര്‍ നോട്ടീസ് അയച്ചത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് പരാതി നല്‍കിയത്. 

ക്രിക്കറ്റ് ഉപദേശക സമിതി അധ്യക്ഷ പദവിക്കു പുറമെ ക്രിക്കറ്റ് കമന്റേറ്റര്‍, ഫ്‌ളഡ് ലിറ്റ് കമ്പനി ഉടമ, ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ അംഗം എന്നീ സ്ഥാനങ്ങളും കപില്‍ വഹിക്കുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ശാന്ത രംഗസ്വാമിയും അസോസിയേഷന്‍ അംഗമായിരുന്നു. ബിസിസിഐ സമിതി അംഗത്വത്തിനു പുറമെ ക്രിക്കറ്റ് അസോസിയേഷന്‍ അംഗത്വവും ഉപേക്ഷിച്ച ശാന്ത എത്തിക്‌സ് ഓഫീസറുടെ നോട്ടീസിനു മറുപടി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു.
 

Latest News