തിരുവനന്തപുരം - വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർഥി എസ്. സുരേഷിനെ വിജയിപ്പിക്കാൻ പൂർണ സമയവും മണ്ഡലത്തിൽ പ്രചാരണത്തിനുണ്ടാകുമെന്ന് കുമ്മനം രാജശേഖരൻ. വട്ടിയൂർക്കാവ് മണ്ഡലം എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്മനത്തെ വെട്ടിയെന്നാണ് യു.ഡി.എഫും എൽ.ഡി.എഫും ചില മാധ്യമങ്ങളും പറയുന്നത്. എന്നാൽ എന്നെ ആരും വെട്ടിയിട്ടില്ല. എൻ.ഡി.എ സ്ഥാനാർഥി എസ്. സുരേഷിനെ എം.എൽ.എ ആക്കുന്നതിനു വേണ്ടി അഹോരാത്രം പരിശ്രമിക്കും.
താൻ മണ്ഡലത്തിൽനിന്നും പോകുന്നെന്ന് പറയുന്നത് തെറ്റാണ്. മണ്ഡലത്തിൽ ഇനി കുമ്മനത്തെ തട്ടിയും മുട്ടിയും നടക്കാൻ പറ്റാത്ത അവസ്ഥയാകും ഉണ്ടാകുക. അങ്ങനെ പേടിച്ച് പായും തലയിണയുമായി മടങ്ങി പോകുന്ന ആളല്ല താൻ. സുരേഷിനെ വിജയിപ്പിക്കാൻ അരയും തലയും മുറുക്കി പൂർണ്ണ സമയവും മണ്ഡലത്തിൽ ഉണ്ടാകും.
എൻ.ഡി.എയുടെ വിജയം സുനിശ്ചിതമാണ്. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ കല്ലെറിയുകയാണ്. ഇതിനെ നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ട്. തന്നെ വർഗീയവാദി എന്ന് പറഞ്ഞവർ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ യോഗ്യൻ എന്നു പറയുന്നു.
കഴക്കൂട്ടത്ത് സ്ഥാനാർഥിയാകാതിരിക്കാനാണ് വി.കെ. പ്രശാന്തിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ മുൻകൈയെടുത്തത്. കാലുവാരലും വോട്ട് കച്ചവടവും നടത്തുന്നത് യു.ഡി.എഫും ഇടതുപക്ഷവുമാണ്. ഇരുവരും സയാമീസ് ഇരട്ടകളെ പോലെയാണ്. ഇരുകൂട്ടരുടേയും ശത്രു ബി.ജെ.പിയാണ്. വട്ടിയൂർക്കാവിൽ വികസനമില്ല. തെരഞ്ഞെടുപ്പ് സമയം വരുമ്പോൾ മോഹന വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. നുണ ബോംബുകളുടെ മൊത്ത വ്യാപാരികളാണ് എൽ.ഡി.എഫും യു.ഡി.എഫും. ജനങ്ങൾക്കൊപ്പം താൻ എപ്പോഴുമുണ്ടാകുമെന്നും കുമ്മനം പറഞ്ഞു.
കുമ്മനം ചെയർമാനായും ജി. മാധവൻ നായർ, ടി.പി സെൻകുമാർ എന്നിവർ രക്ഷാധികാരികളായും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.