മലപ്പുറം- ഉദ്ഘാടനത്തിന് സൗജന്യ ഷവര്‍മ്മ ഓഫര്‍ ചെയ്ത കടയില്‍ നാട്ടുകാര്‍ ഇരച്ച് കയറി. ഹോട്ടല്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി സൗജന്യ ഷവര്‍മ്മ ഓഫര്‍ ചെയ്തതായിരുന്നു കടയുടമ. രണ്ട് കൗണ്ടറുകളിലായി നിരന്നത് ഏഴുന്നൂറോളം ആളുകള്‍. കൊണ്ടോട്ടിയിലാണ് സംഭവം. ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ കടയിലേയ്ക്ക് ജനം ഇരച്ചു കയറി. വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങിയ സൗജന്യ ഷവര്‍മ്മ വിതരണം രാത്രി 11ന് അവസാനിക്കുമ്പോള്‍ ഷവര്‍മ്മ മാത്രമല്ല, ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കി. ഇതോടെ കട മൊത്തം കാലിയായി. ഷവര്‍മ്മ കഴിക്കാന്‍ ജനം ഇരച്ചാണ് കയറിയത്. ഇന്നലെയാണ് ഷവര്‍മ്മ കച്ചവടം ആരംഭിച്ചത്. നിരന്ന് നിന്ന എല്ലാവര്‍ക്കും ഷവര്‍മ്മ നല്‍കുകയും ചെയ്തു. ഷവര്‍മ്മ തയാറാക്കാന്‍ സമയമെടുത്തു. ഇതോടെ തിരക്ക് ഒന്നു കൂടെ കൂടി. കസ്റ്റമേഴ്‌സിന്റെ ക്ഷമ നശിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് എല്ലാ വിഭവങ്ങളും സൗജന്യമാണെന്ന് അറിയിച്ചു. ഇതോടെ എല്ലാ വിഭവങ്ങളും കാലിയായി. കണക്കു കൂട്ടലുകളെല്ലാം തെറ്റിയെങ്കിലും ഉദ്ഘാടനം ഗംഭീരമായതിന്റെ ത്രില്ലിലാണ് കടയുടമ.