Sorry, you need to enable JavaScript to visit this website.

ജിദ്ദ എയർപോർട്ടിൽ ബസ്  സർവീസുകൾക്ക് ഫാസ്റ്റ് ട്രാക്ക് 

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിൽ സാപ്റ്റ്‌കോ ബസ് സർവീസുകൾക്ക് ഫാസ്റ്റ് ട്രാക്ക് ഏർപ്പെടുത്തുന്നു. ഇതിനുള്ള ധാരണാപത്രത്തിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും സാപ്റ്റ്‌കോയും മെട്രോ ജിദ്ദ കമ്പനിയും ഒപ്പുവെച്ചു. 
ജിദ്ദ എയർപോർട്ടിൽ ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വ്യത്യസ്ത വഴികൾ ലഭ്യമാക്കുന്നതിനും സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. 
ധാരണാപത്ര പ്രകാരം എയർപോർട്ടിലേക്ക് വരികയും പോകുകയും ചെയ്യാനുള്ള ഭാഗങ്ങളിൽ സാപ്റ്റ്‌കോ ബസുകൾക്ക് പ്രത്യേക പാർക്കിംഗ് നീക്കിവെക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. ആഗമന ഭാഗത്ത് ബസുകൾ നിർത്തിയിടുന്നതിന് നീക്കിവെക്കുന്ന സ്ഥലത്തിനു മുന്നിൽ ബസ് വെയ്റ്റിംഗ് സ്റ്റേഷൻ നിർമിക്കുന്നതിനും സ്ഥലം അനുവദിക്കും. 
ബസ് സർവീസുകളുടെ സമയനിഷ്ഠ, ബസുകളുടെ ഉൾവശത്തെയും പുറത്തെയും വൃത്തി, സജ്ജീകരണങ്ങളുടെ സുരക്ഷ, സേവന നിലവാരം എന്നിവ നിരീക്ഷിക്കുന്നതിന് ജിദ്ദ മെട്രോ കമ്പനിയെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അനുവദിക്കും.
ബസ് സർവീസുകൾ എളുപ്പമാക്കുന്നതിന് ജിദ്ദ എയർപോർട്ടിൽ പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ വകുപ്പുകളുമായി ഏകോപനം നടത്തുന്ന ചുമതലയും ജിദ്ദ മെട്രോ കമ്പനിക്കായിരിക്കുമെന്ന് അതോറിറ്റി പറഞ്ഞു.
ഏറ്റവും പുതിയ മോഡൽ ബസുകളാണ് ഫാസ്റ്റ് ട്രാക്ക് സേവനം വഴിയുള്ള എയർപോർട്ട് സർവീസുകൾക്ക് ഉപയോഗിക്കുകയെന്ന് സാപ്റ്റ്‌കോ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ എയർപോർട്ടിലേക്കും തിരിച്ചും ബസ് സർവീസുകളുണ്ടാകും. വിമാനത്താവളത്തിൽ നിന്ന് ഓരോ അര മണിക്കൂറിലും ബസ് സർവീസുകൾ നടത്തും. പ്രിൻസ് മാജിദ് റോഡ്, കിംഗ് അബ്ദുല്ല റോഡ്, കോർണിഷ് റോഡ് വഴി ബലദിലെ സാപ്റ്റ്‌കോ ബസ് സ്റ്റേഷനിലേക്കും തിരിച്ചുമാണ് സർവീസുകളുണ്ടാവുക. 
സൗദിയിലെ വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ളവർക്ക് സാപ്റ്റ്‌കോ ബസുകളിൽ ജിദ്ദയിലെത്തി ബസ് സ്റ്റേഷനിൽ നിന്നു തന്നെ ബസ് മാർഗം എയർപോർട്ടിൽ എത്തിപ്പെടുന്നതിനും വിമാനത്താവളത്തിൽനിന്ന് ബസുകളിൽ ബലദ് ബസ് സ്റ്റേഷനിലെത്തി രാജ്യത്തെ വിവിധ പ്രവിശ്യകളിലേക്ക് ബസുകളിൽ യാത്ര തിരിക്കുന്നതിനും പുതിയ സേവനം അവസരമൊരുക്കും. 

 

Latest News