ജിദ്ദ - ഹറമൈൻ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചത് ദുരന്തത്തിന്റെ ആഘാതം കുറച്ചതായി സൗദി റെയിൽവേ കമ്പനി (സാർ) സി.ഇ.ഒ ഡോ.ബശാർ അൽമാലിക് പറഞ്ഞു.
സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കും ജീവാപായമോ കാര്യമായ പരിക്കുകളോ ഉണ്ടായിട്ടില്ല.
റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര മാത്രമാണ് പൂർണമായും തകർന്നത്. മറ്റു ഭാഗങ്ങൾ ഭാഗികമായാണ് തകർന്നത്.
സ്റ്റേഷനിലെ അഗ്നിശമന സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചതാണ് ആൾനാശവും സ്റ്റേഷന്റെ പൂർണ തോതിലുള്ള തകർച്ചയും തടഞ്ഞത്. മേൽക്കൂര ഒഴികെ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിൽ ഭാഗികമായ നാശനഷ്ടങ്ങൾ മാത്രമാണുണ്ടായത്. പദ്ധതി നടത്തിപ്പിലെ അഴിമതിയാണ് റെയിൽവേ സ്റ്റേഷനിലെ അഗ്നിബാധക്ക് കാരണമായതെന്ന് കരുതുന്നവർ തങ്ങളുടെ പക്കലുള്ള തെളിവുകൾ അന്വേഷണ കമ്മിറ്റികൾക്ക് കൈമാറണമെന്ന് ഡോ.ബശാർ പറഞ്ഞു. അന്വേഷണ കമ്മിറ്റികൾ പൂർണമായും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും ഡോ.ബശാർ അൽമാലിക് പറഞ്ഞു.