ബഹുനില കാർ പാർക്കിംഗ് കെട്ടിടത്തിനും ടെർമിനൽ കോംപ്ലക്‌സിനും ഇടയിലുള്ള പൊതുഗതാഗത കേന്ദ്രം സമഗ്ര ഗതാഗത പോംവഴി യാത്രക്കാർക്ക് നൽകുന്നു. റെയിൽവെ സ്റ്റേഷൻ, മെട്രോ, ടാക്‌സി പാർക്കിംഗ്, ബസ് സ്റ്റേഷൻ, ടെർമിനൽ കോംപ്ലക്‌സ്, ബഹുനില പാർക്കിംഗ് എന്നിവയെ പൊതുഗതാഗത കേന്ദ്രം ബന്ധിപ്പിക്കുന്നു. പൊതുഗതാഗത കേന്ദ്രം യാത്രക്കാർക്ക് മുഴുവൻ ഗതാഗത സംവിധാനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുകയും തങ്ങൾക്ക് അനുയോജ്യമായ സംവിധാനങ്ങൾ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്നു. പൊതുഗതാഗത സെന്ററിൽ ഏതാനും റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളുമുണ്ട്.
ലോകത്തെ പ്രധാന എയർപോർട്ടുകളെ കവച്ചുവെക്കുന്ന അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് പുതിയ ജിദ്ദ എയർപോർട്ടിൽ യാത്രക്കാരെ വരവേൽക്കാൻ ഒരുക്കിയിരിക്കുന്നത്. സമീപ കാലത്ത് ജിദ്ദയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്.
സൗദി അറേബ്യയുടെയും ജിദ്ദയുടെയും പരിസ്ഥിതിയിൽ നിന്ന് ഉൾക്കൊണ്ട ആശയങ്ങളിൽ ഊന്നിയാണ് വിമാനത്തവളത്തിന്റെ വാസ്തുശിൽപ മാതൃക രൂപകൽപന ചെയ്തിരിക്കുന്നത്. ടെർമിനൽ കോംപ്ലക്‌സിന് ചുറ്റിലും കോംപ്ലക്‌സിനകത്തും പുല്ല് നട്ടുപിടിപ്പിച്ച് പച്ചവിരിച്ചത് എയർപോർട്ടിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. എയർപോർട്ട് കോംപ്ലക്‌സിനകത്ത് 18,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് പുല്ല് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിന് മധ്യത്തിലാണ് യാത്രക്കാരെ ഡിപ്പാർച്ചർ ഗെയ്റ്റുകളിൽ എത്തിക്കുന്നതിനുള്ള ഓട്ടോമാറ്റിക് റെയിൽവെ സ്റ്റേഷൻ. പതിനാലു മീറ്റർ ഉയരവും 10 മീറ്റർ വീതിയുമുള്ള അക്വേറിയത്തിലെ പവിഴപ്പുറ്റുകളും മത്സ്യങ്ങളും ജിദ്ദയുടെ സമുദ്ര പരിസ്ഥിതിയെ കുറിച്ച് യാത്രക്കാരെ ഉണർത്തുന്നു.
പുതിയ ജിദ്ദ വിമാനത്താവള പദ്ധതി നടപ്പാക്കുന്നത് മൂന്നു ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം മൂന്നു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. 2035 ൽ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ പ്രതിവർഷ ശേഷി പത്തു കോടി യാത്രക്കാരായി ഉയരും. കഴിഞ്ഞ വർഷം മെയ് 29 ന് പുതിയ വിമാനത്താവളം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങി. ഒന്നാം നമ്പർ ടെർമിനലിൽ നിന്ന് പരിമിതമായ തോതിലുള്ള ആഭ്യന്തര സർവീസുകളാണ് ആദ്യം ആരംഭിച്ചത്. പിന്നീട് കൂടുതൽ സെക്ടറുകളിലേക്കുള്ള ആഭ്യന്തര സർവീസുകൾ പുതിയ എയർപോർട്ടിലേക്ക് പടിപടിയായി മാറ്റി.
നിലവിൽ പുതിയ ടെർമിനലിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിമാന കമ്പനികൾക്കുള്ള 220 കൗണ്ടറുകളും 80 സെൽഫ് സർവീസ് ഉപകരണങ്ങളുമുണ്ട്. നിർഗമന ഏരിയയിൽ 56 ജവാസാത്ത് കൗണ്ടറുകളും ആഗമന ഏരിയയിൽ 72 ജവാസാത്ത് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ആഗമന, നിർഗമന ഏരിയകളിൽ ജവാസാത്ത് നടപടിക്രമങ്ങൾ നേരിട്ട് പൂർത്തിയാക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന 117 എ.ബി.സി കിയോസ്‌ക് ഉപകരണങ്ങളുമുണ്ട്. ..
ആഭ്യന്തര സർവീസുകൾക്കുള്ള ടെർമിനലിൽ 12,000 ചതുരശ്രമീറ്ററും അന്താരാഷ്ട്ര സർവീസുകൾക്കുള്ള ടെർമിനലിൽ 16,000 ഓളം ചതുരശ്രമീറ്ററും സ്ഥലം വ്യാപാര സ്ഥാപനങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. ടെർമിനലിൽ നിന്ന് വിമാനങ്ങളിലേക്ക് നേരിട്ട് കയറുന്നതിന് 46 കവാടങ്ങളുണ്ട്. എല്ലാ കവാടങ്ങളിലും രണ്ടു എയ്‌റോ ബ്രിഡ്ജുകൾ വീതമുണ്ട്. ഒരേ സമയം 70 ലേറെ വിമാനങ്ങൾ ഉൾക്കൊള്ളുന്നതിന് കവാടങ്ങൾക്ക് സാധിക്കും. ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയർബസ് എ-380 ഇനത്തിൽ പെട്ട വിമാനങ്ങൾക്കു വേണ്ടി നാലു എയ്‌റോ ബ്രിഡ്ജുകളുണ്ട്. ടെർമിനലിനു ചുറ്റും വിമാനങ്ങൾ നിർത്തിയിടുന്നതിന് 28 പാർക്കിംഗുകളുണ്ട്.
അന്താരാഷ്ട്ര യാത്രക്കാർക്ക് ആകെ 42 ലോഞ്ചുകളും ആഭ്യന്തര യാത്രക്കാർക്ക് 24 ലോഞ്ചുകളും കണക്ഷൻ ഫ്‌ളൈറ്റുകളിലെ യാത്രക്കാർക്ക് 16 ലോഞ്ചുകളും വി.ഐ.പികൾക്ക് നാലു ലോഞ്ചുകളും എട്ടു അഡീഷനൽ വെയ്റ്റിംഗ് ലോഞ്ചുകളും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് അഞ്ചു ലോഞ്ചുകളുമുണ്ട്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കുള്ള അഞ്ചു ലോഞ്ചുകളിൽ രണ്ടെണ്ണം ആഭ്യന്തര യാത്രക്കാർക്കും രണ്ടെണ്ണം അന്താരാഷ്ട്ര യാത്രക്കാർക്കും ഒന്ന് കണക്ഷൻ ഫ്‌ളൈറ്റ് യാത്രക്കാർക്കുമുള്ളതാണ്.
അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാർക്ക് എയർപോർട്ട് ടെർമിനൽ കോംപ്ലക്‌സിനകത്ത് യാത്ര ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് ട്രെയിൻ ജിദ്ദ എയർപോർട്ടിന്റെ മറ്റൊരു പ്രത്യേകതയാണ്. ട്രാൻസിറ്റ് യാത്രക്കാർക്കായി 120 മുറികൾ അടങ്ങിയ ഫോർ സ്റ്റാർ ഹോട്ടലും പുതിയ വിമാനത്താവളത്തിലുണ്ട്.
ബഹുനില കാർ പാർക്കിംഗ് കെട്ടിടത്തിനും ടെർമിനൽ കോംപ്ലക്‌സിനും ഇടയിലുള്ള പൊതുഗതാഗത കേന്ദ്രം സമഗ്ര ഗതാഗത പോംവഴി യാത്രക്കാർക്ക് നൽകുന്നു. റെയിൽവെ സ്റ്റേഷൻ, മെട്രോ, ടാക്‌സി പാർക്കിംഗ്, ബസ് സ്റ്റേഷൻ, ടെർമിനൽ കോംപ്ലക്‌സ്, ബഹുനില പാർക്കിംഗ് എന്നിവയെ പൊതുഗതാഗത കേന്ദ്രം ബന്ധിപ്പിക്കുന്നു. പൊതുഗതാഗത കേന്ദ്രം യാത്രക്കാർക്ക് മുഴുവൻ ഗതാഗത സംവിധാനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുകയും തങ്ങൾക്ക് അനുയോജ്യമായ സംവിധാനങ്ങൾ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്നു. പൊതുഗതാഗത സെന്ററിൽ ഏതാനും റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളുമുണ്ട്.
ബഹുനില പാർക്കിംഗ് കെട്ടിടത്തിൽ ഹ്രസ്വ സമയത്തേക്ക് 8,200 കാറുകൾ നിർത്തിയിടുന്നതിനും ദീർഘ സമയത്തേക്ക് 4,356 കാറുകൾ നിർത്തിയിടുന്നതിനും 48 ബസുകൾ നിർത്തിയിടുന്നതിനും 651 ടാക്‌സി കാറുകൾ നിർത്തിയിടുന്നതിനും റെന്റ് എ കാർ കമ്പനികൾക്കു കീഴിലെ 1,222 കാറുകൾ നിർത്തിയിടുന്നതിനും എയർപോർട്ട് ജീവനക്കാരുടെ 7,187 കാറുകൾ നിർത്തിയിടുന്നതിനും സൗകര്യമുണ്ട്.
പുതിയ എയർപോർട്ടിലെ കൺവെയർ ബെൽറ്റുകൾ ദൈർഘ്യമേറിയതാണ്. അതിവിശിഷ്ടമായ രൂപകൽപനയിൽ നിർമിച്ച എയർ ട്രാഫിക് കൺട്രോൾ ടവറിന്റെ ഉയരം 136 മീറ്ററാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ എയർ ട്രാഫിക് കൺട്രോൾ ടവറാണിത്. ടവറിന്റെ ഇരുപതാം നിലയിലാണ് അത്യാധുനിക എയർ നാവിഗേഷൻ ടെക്‌നോളജിയുള്ളത്. പത്തൊമ്പതാം നില വിമാനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ളതാണ്. എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനുള്ള കേന്ദ്രവും ജീവനക്കാർക്കുള്ള വിശ്രമ സ്ഥലങ്ങളും ടവറിലുണ്ട്.
ഇസ്‌ലാമിക പൈതൃകത്തിൽ നിന്ന് ആശയം ഉൾക്കൊണ്ടുള്ള വാസ്തുശിൽപ മാതൃകയിൽ നിർമിച്ച മസ്ജിദിനകത്ത് 3,000 പേർക്കും പള്ളിക്ക് പുറത്ത് 1,500 പേർക്കും സ്ത്രീകൾക്കുള്ള മുകൾ നിലയിൽ 700 പേർക്കും ഒരേ സമയം നമസ്‌കാരം നിർവഹിക്കാൻ സാധിക്കും. മസ്ജിദിനു പുറത്ത് 30,000 ചതുരശ്രമീറ്റർ സ്ഥലത്ത് പുല്ല് വെച്ചുപിടിപ്പിച്ച് പച്ചവിരിച്ചിട്ടുണ്ട്. ഇതിന് മധ്യത്തിലായി ജലാശയവുമുണ്ട്. മസ്ജിദിനോട് ചേർന്ന് 500 കാറുകൾ നിർത്തിയിടുന്നതിന് തണൽ വിരിച്ച പാർക്കിംഗും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന മസ്ജിദിനു പുറമെ ടെർമിനൽ കോംപ്ലക്‌സിന്റെ വ്യത്യസ്ത നിലകളിലായി യാത്രക്കാർക്കുള്ള നിർഗമന ഗെയ്റ്റുകൾക്കു സമീപം 80 നമസ്‌കാര സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇവക്കു സമീപം അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങളും നമസ്‌കാരത്തിനിടെ ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.