Sorry, you need to enable JavaScript to visit this website.

ദുരഭിമാനക്കൊല: കൂറുമാറിയ സാക്ഷിക്ക് ശിക്ഷ

മഞ്ചേരി- അരീക്കോട് ആതിര വധക്കേസിൽ കൂറിമാറിയ സാക്ഷിക്ക് കോടതി ശിക്ഷ വിധിച്ചു. കേസിന്റെ വിചാരണക്കിടെ ചോദ്യങ്ങൾക്ക് നിഷേധാത്മക സമീപനം സ്വീകരിച്ചതിനാണ് സാക്ഷിയായ അബ്ദുൽ ഗഫൂറിന് (52) കോടതി പിരിയും വരെ തടവ് ശിക്ഷ നൽകിയത്. 
അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിൽ വേലു മകൻ രാജൻ (43) ആണ് കേസിലെ പ്രതി. 2018 മാർച്ച് 22 ന് വൈകീട്ട് 4.45 നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകളായ ആതിരയാണ് (21) കൊല്ലപ്പെട്ടത്. ആതിരയും പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവും പ്രണയിക്കുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് പിതാവായ രാജൻ എതിർത്തെങ്കിലും പിൻമാറാൻ മകൾ തയാറാകാത്തതിനെ തുടർന്ന് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
 ഹാജരായ എട്ടു സാക്ഷികളിൽ അബ്ദുൽ ഗഫൂർ അടക്കം രണ്ടു പേർ കൂറുമാറി. പ്രതിയുടെ സഹോദരിയും കേസിലെ ഏക ദൃക്‌സാക്ഷിയുമായ സുലോചനയും നേരത്തെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസുവും പ്രതിക്ക് വേണ്ടി അഭിഭാഷകരായ പി.സി.മൊയ്തീൻ, ലാലു മോൻ എന്നിവരും ഹാജരായി.പ്രതിയുടെ ഭാര്യ സുനിത, സഹോദരൻ ബാലൻ, മകൻ അശ്വിൻ രാജ് എന്നിവരെ ഇന്ന് കോടതി വിസ്തരിക്കും.

Latest News