മഞ്ചേരി- നവവധു വിഷം കഴിച്ച് മരിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ഭർത്താവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പരപ്പനങ്ങാടി വള്ളിക്കുന്ന് മങ്ങാശ്ശേരി കുഞ്ഞികൃഷ്ണന്റെ മകൻ ഷൈജു (39) വിനെയാണ് മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി.നാരായണൻ വെറുതെ വിട്ടത്. ഷൈജുവിന്റെ ഭാര്യയും മലപ്പുറം താമരക്കുഴി ദാമോദരൻവത്സല ദമ്പതികളുടെ മകളുമായ നിമിഷ (27) ആണ് മരിച്ചത്.
2011 സെപ്റ്റംബർ 14 നായിരുന്നു ഇവരുടെ വിവാഹം. മൂന്നുമാസത്തിനു ശേഷം ഷൈജു ജോലി തേടി വിദേശത്തു പോയി. പിതാവ് ദാമോദരൻ മരണപ്പെട്ടതിനെ തുടർന്ന് നിമിഷ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. 2012 മാർച്ച് 19 ന് സ്വന്തം വീട്ടിൽ വെച്ചാണ് നിമിഷ ആത്മഹത്യ ചെയ്യുന്നത്. ആത്മാഹുതിക്ക് കാരണം ഭർതൃപീഡനമാണെന്ന് കാണിച്ച് നിമിഷയുടെ ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
നിമിഷയുടെ ആഭരണങ്ങൾ ഭർത്താവ് എടുത്തുവെന്ന കേസ് 2013 ൽ മലപ്പുറം കുടുംബ കോടതി തള്ളിയിരുന്നു. 27 സാക്ഷികളുള്ള കേസിൽ ഫോറൻസിക് വിദഗ്ധനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടക്കം 17 സാക്ഷികളെ കോടതി വിസ്തരിച്ചു. ഭർത്താവുമായി നിമിഷ നടത്തിയ ഫോൺ സംഭാഷണങ്ങളും ചാറ്റിംഗുകളും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. നാലകത്ത് മുഹമ്മദ് അഷ്‌റഫ് കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.